ജാതിയും ലിംഗവും ദളിത് ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തിൽ

കേരളത്തിലെ മുഖ്യധാരാ ഫെമിനിസവും ദളിത് രാഷ്ട്രീയവും ദളിത്സ്ത്രീ അനുഭവങ്ങളെ ഇന്നും നിരാകരിക്കവേ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇതേക്കുറിച്ചു രേഖാരാജ് എഴുതിയ ഈ ലേഖനം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

രേഖാരാജ്

A woman in white, yelling with a fist raised in a blue background. She wears a blue band around her head saying, "Dalit women fight."
Image credit: www.dalitwomenfight.com

2004നും 2006നും ഇടയ്ക്കു കേരളത്തിൽ ശ്രദ്ധേയമാകേണ്ടിയിരുന്ന ചില സംഭവങ്ങളെക്കുറിച്ച് ഏതാനും നിരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഈ കുറിപ്പ് ലക്ഷ്യമിടുന്നു. ഈ പ്രശ്നം/സംഭവങ്ങള്‍ കേരളത്തിലെ ദളിത്സ്ത്രീ സംവാദങ്ങളുടെ ദിശയെ( ദിശഇല്ലായ്മ?) പ്രതിഫലിപ്പിക്കാൻ കരുത്തുള്ളവയാണ്. ഈ പ്രശ്നം ദളിത്സ്ത്രീ ജീവിതത്തെയും രാഷ്ട്രീയത്തെയും പ്രശ്നവൽക്കരിക്കുന്നുണ്ട്.

ഇതിൽ ആദ്യത്തേത് രജനി. എസ്. ആനന്ദിന്റെയും ഗീതുവിന്റെയും   ആത്മഹത്യകളാണ്. രജനിയുടെ ആത്മഹത്യയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഏറെക്കുറെ എല്ലാവർക്കും പരിചിതമാണ്. എന്നാൽ ഗീതുവിന്റെ ആത്മഹത്യ വേണ്ടവിധത്തിൽ ശ്രദ്ധ നേടിയില്ല എന്നത് വസ്തുതയാണ്. പത്രങ്ങളുടെ പഞ്ചായത്ത് എഡിഷൻ മത്സരം കാരണം പ്രധാനവാർത്തകൾ പലതും തികച്ചും പ്രാദേശികമായി തീരുകയാണല്ലോ  പതിവ്. ഗീതുവിനെപ്പറ്റി അല്പം; ഉയർന്ന മാർക്കോടെ എസ്.എസ്. എൽ. സി പാസായ ഗീതു പ്ലസ്ടു വിദ്യാർത്ഥി ആയിരിക്കുമ്പോൾ സ്കൂൾ അധികൃതരുടെ കടുത്ത അപമാനവും പീഡനവും നിമിത്തമാണ് ആത്മഹത്യ ചെയ്തത്. അവൾ വെളുത്തിരുന്നു എന്നതായിരുന്നു ഒരു പ്രധാന ആരോപണം. ഒരു ദളിത്പെൺകുട്ടി വെളുത്തിരിക്കുന്നതിനെ അസ്വാഭാവികമായി കരുതുന്നവരുടെ ചൂണ്ടുവിരൽ  അവളുടെ അമ്മയുടെ സദാചാരത്തിലേക്കാണ് എന്നത് തർക്കമില്ലാത്ത കാര്യമാണല്ലോ. കടുത്ത തലവേദനമൂലം ക്ലാസ്സിൽ വരാതിരുന്ന ഗീതുവിനെ അസന്മാർഗികത ആരോപിച്ചു അധ്യാപകർ ക്ലാസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ അപമാനങ്ങൾ താങ്ങാൻ വയ്യാതെയാണ് ഗീതു ആത്മഹത്യചെയ്തത്. രജനിയുടെ മൃതശരീരത്തിൽ നടത്തിയ കന്യകത്വ പരിശോധനയും മരണത്തിൻറെ തലേദിവസം രജനി എവിടെയായിരുന്നു എന്ന് വകുപ്പ് മന്ത്രിയുടെ പരിഹാസം നിറഞ്ഞ പ്രസ്താവനയും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

ഒരു ദളിത്പെൺകുട്ടി വെളുത്തിരിക്കുന്നതിനെ അസ്വാഭാവികമായി കരുതുന്നവരുടെ ചൂണ്ടുവിരൽ  അവളുടെ അമ്മയുടെ സദാചാരത്തിലേക്കാണ് എന്നത് തർക്കമില്ലാത്ത കാര്യമാണല്ലോ.

രണ്ടാമത്തേത് ഒരു സർക്കാർ ഓർഡർ ആണ്. ഇത് പ്രകാരം മേലിൽ മിശ്രവിവാഹിതരായ ദമ്പതികളുടെ കുട്ടികൾക്ക് അച്ഛൻറെ ജാതി ആയിരിക്കും. ഇതോടുകൂടി മാതാവ് ദളിത്/ആദിവാസി/പിന്നോക്ക വിഭാഗത്തിൽ പെട്ട മിശ്രവിവാഹത്തിൽപ്പെട്ട കുട്ടികൾക്ക് നാളിതുവരെ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ലഭിക്കാതായി. അച്ഛനാണ് മേൽപ്പറഞ്ഞ വിഭാഗത്തിൽപെടുന്നത് എങ്കിൽ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 2005ലെ മന്ത്രിസഭാ തീരുമാനത്തിൽ പ്രസ്തുത ഓർഡർ പിൻവലിക്കാൻ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. 1ഈ ഓർഡർ ഇറങ്ങിയപ്പോൾ ആവശ്യം വേണ്ട പഠനമോ അഭിപ്രായസമന്വയമോ നടത്താൻ ഭരണകൂടം തയ്യാറായതുമില്ല.

മൂന്നാമത്തേത് ചിത്രലേഖ എന്ന പെൺകുട്ടിയുടെതാണ്. പുലയ വിഭാഗത്തിൽപ്പെട്ട ചിത്രലേഖയുടെ ജീവിതം സർവ്വസാധാരണമായ ഏതൊരു ദളിത് ജീവിതം പോലെ കൂലിപ്പണിയിലും കാർഷികാനുബന്ധതൊഴിലിലും ഏർപെട്ടുകൊണ്ടാണ് പുലർന്നിരുന്നത്. എന്നാൽ അവളുടെ ജീവിതം മാറിമറിയുന്നത് പഞ്ചായത്ത് പട്ടികജാതി സ്ത്രീകൾക്ക് ഓട്ടോ ഡ്രൈവിംഗ് പരിശീലനം നൽകുന്നതോടെയാണ്. വാടകയ്ക്ക് ഓട്ടോറിക്ഷയെടുത്ത് അവൾ ഓടിക്കാൻ തുടങ്ങി. എന്നാൽ അവിടുത്തെ മാർക്സിസ്റ്റ് തമ്പുരാക്കന്മാർക്ക് ഇത് രസിക്കാതിരിക്കുകയും അവളെ ഓട്ടോ ഓടിക്കുന്നതിൽനിന്ന്  വിലക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ച ചിത്രലേഖയ്ക്കെതിരെ പലതരത്തിലുള്ള പ്രതികാര നടപടികൾ എടുക്കുകയും അവസാനം അവളുടെ ഓട്ടോ കത്തിക്കുകവരെ ചെയ്തു. ജാതിപ്പേരുകൾ വിളിച്ചുകൊണ്ടും ജാതീയമായി അപമാനിച്ചുകൊണ്ടുമാണ് വിപ്ലവസംഘടനകൾ ചിത്രലേഖയെ നേരിട്ടത്. ചിത്രലേഖക്കെതിരെ വധഭീഷണിവരെയുണ്ടായി. തുടർന്ന് ചിത്രലേഖ സഹായകമ്മിറ്റി ഉണ്ടാവുകയും അവകാശകൺവെൻഷൻ സംഘടിപ്പിക്കുകയും ചെയ്തു. കേരളീയ സാമൂഹിക ജീവിതത്തിൽ വന്നുഭവിക്കുന്ന വിധ്വംസകതകളെയും തലോടലുകളെയും ആണ് ഈ മൂന്നു സംഭവങ്ങളും രേഖപ്പെടുത്തുന്നത്. മേൽപ്രസ്താവിച്ച പ്രശ്നങ്ങളൊന്നുംതന്നെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് മാത്രമല്ല, അവയ്‌ക്കെതിരെ സംഘടിതവും ആസ്സംഘടിതവുമായ മുന്നേറ്റങ്ങളും ഉണ്ടായി. എന്നാൽ അത്തരം സംഭവങ്ങളുടെയും സമരങ്ങളുടെയും ദിശയെന്തായിരുന്നു, ആരൊക്കെയാണ് ഇതിന് നേതൃത്വം കൊടുത്തത് എന്നത് അന്വേഷണവിധേയമാക്കേണ്ടതുണ്ട്. എങ്കിൽമാത്രമേ മേൽപ്പറഞ്ഞവിധം സംഗതികളെയും തലോടലുകളെയും മനസ്സിലാക്കാൻ കഴിയൂ. കാരണം അടിച്ചമർത്തലുകളും രക്ഷകർത്തൃത്വബോധവും ഒരുപോലെ വിമർശിക്കപ്പെടേണ്ടതുണ്ട്.

മേൽപ്പറഞ്ഞ സംഭവങ്ങളെ ഒറ്റപ്പെട്ടവയായി തള്ളിക്കളയുന്നതിലും സാരമായ അപകടമുണ്ട്. ഇവയെ ഒറ്റപ്പെട്ട സംഭവമാക്കുന്നത് അവർക്ക് ലഭിക്കുന്ന ദൃശ്യതയാണ്. അതിനർത്ഥം കേരളം ജാതിയാനുഭവങ്ങൾക്ക് പുറത്താണ് എന്നതല്ല.

മേൽപ്പറഞ്ഞ സംഭവങ്ങളെ ഒറ്റപ്പെട്ടവയായി തള്ളിക്കളയുന്നതിലും സാരമായ അപകടമുണ്ട്. ഇവയെ ഒറ്റപ്പെട്ട സംഭവമാക്കുന്നത് അവർക്ക് ലഭിക്കുന്ന ദൃശ്യതയാണ്. അതിനർത്ഥം കേരളം ജാതിയാനുഭവങ്ങൾക്ക് പുറത്താണ് എന്നതല്ല. ഇവിടെ ഓരോ ദിനവും ദളിത് സ്ത്രീ ജീവിതത്തിനു മേൽ പതിക്കുന്ന അധിനിവേശങ്ങളെയും അതിക്രമങ്ങളേയും കണക്കിലെടുക്കുമ്പോൾ അവയുടെ ആഴം (സൂക്ഷ്മ ജീവിതാനുഭവങ്ങളിൽ) കൂടുതൽ മാരകമാണെന്ന് കാണാൻ കഴിയും. 

ജാതിയും ലിംഗവും പുതിയ അനുഭവങ്ങൾ

രജനിയുടെ ആത്മഹത്യ വർഗ്ഗപ്രശ്നമായി കണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങളും ജാതി/സാമുദായിക പ്രശ്നമായി കണ്ട് ദളിത് സംഘടനകളും (ഭാവിയിൽ സംഘടനകൾക്ക് ചെറുവിരൽപോലും അനക്കാൻ ആയില്ല എന്നതാണ് വസ്തുത!) ആ ദുരന്തത്തെ സൃഷ്ടിച്ച ജാതി-ലിംഗ ശക്തിബന്ധത്തെ നിരാകരിക്കുകയാണ് ചെയ്തത്. ഉയർന്ന മാർക്കോടെ എസ്.എസ്.എൽ.സി.യും പി.ഡി.സി.യും  വിജയിച്ച രജനി എന്തുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തുനിന്നും പുറത്താക്കപ്പെട്ടു എന്നതിനെ കുറിച്ച് ആരും ചർച്ച ചെയ്തില്ല. രജനിയുടെയും ഗീതുവിൻറെയും മരണം തുറന്നു കാണിക്കുന്നത് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിയാധീശത്വ ശീലങ്ങളാണ്. ഈ ശീലങ്ങൾ എത്രകണ്ട് പ്രതികൂലമായി ഓരോ വിദ്യാർഥിയുടെയും വ്യക്തി രൂപീകരണത്തെ ബാധിക്കുന്നുവെന്ന്, ഓരോ ദളിത് വിദ്യാർഥിനിക്കും സാക്ഷ്യപ്പെടുത്താൻ കഴിയും.

ഒന്നാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസരംഗംവരെ നിലനിൽക്കുന്ന ഈ അന്യവൽക്കരണമാണ് രജനിയെപ്പോലെയുള്ള മിടുക്കരായ വിദ്യാർഥികൾപോലും പുറന്തള്ളപ്പെടുന്നതിൻറെ പ്രധാന കാരണം. ഇത്തരത്തിലുള്ള അന്യവത്കരണത്താലും, നിറത്തിൻറെ, ഗുണത്തിൻറെ, കഴിവിൻറെ, ഒക്കെ പേരിലും ദളിത് വിദ്യാർഥികൾ തകരുന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. മിടുക്കിന് എപ്പോഴും തങ്ങളുടേതായ അളവുകോലുകൾ തീർക്കുന്നതിൽ സവർണ്ണജനത പുലർത്തുന്ന താല്പര്യം തിരിച്ചറിയപ്പെടേണ്ടതാണ്.

ദളിത് വിദ്യാർഥിനികൾ തന്നിഷ്ടക്കാരികളും സ്വഭാവദൂഷ്യമുള്ളവരുമാണ് എന്ന മുൻവിധിയുടെ ഇരകളാണ് യഥാർത്ഥത്തിൽ രജനിയും  ഗീതുവും. ഈ മനോഭാവം പുലർത്തുന്നവരിൽ അധ്യാപകർ മുതൽ സഹപാഠികൾ വരെ ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു വസ്തുത. അന്തസ്സോടെയും ആത്മാഭിമാനത്തോടെയുമുള്ള ജീവിതം ദളിത്സ്ത്രീകൾക്ക് സാധ്യമാകുന്ന യാതൊരു അന്തരീക്ഷവും ഇവിടെ നിലനിൽക്കുന്നില്ല.

മിശ്രവിവാഹിതരുടെ മക്കളുടെ ജാതി അച്ഛൻ വഴി തീരുമാനിക്കപ്പെടുന്നുവെന്ന സർക്കാർ തീരുമാനം സ്ത്രീവിരുദ്ധമാണ് എന്ന് ഇതിനോടകം ചർച്ച ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. അച്ഛൻ സ്വാഭാവികമായും പാരമ്പര്യാവകാശത്തിൻറെ കേന്ദ്രമായി മാറുന്നു എന്നതായിരുന്നു ഈ വിധിക്കെതിരെയുള്ള വിമർശനം. എന്നാൽ ഈ ഓർഡർ ദളിത് വിരുദ്ധമാകുന്നത് അത് ദളിത് സ്ത്രീയുടെ ലൈംഗികതയെ അടിച്ചമർത്തുന്നു എന്നതുകൊണ്ടാണ്. ലൈംഗികതയെയും ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെയും നിരാകരിച്ചുകൊണ്ട് ഭരണകൂടം നടത്തുന്ന ഈ അടിച്ചമർത്തലുകളെ നിരാകരിക്കേണ്ടതുണ്ട്.

ചിത്രലേഖയുടെമേലുള്ള അതിക്രമവും തൊഴിൽ/ലിംഗ പ്രശ്നം എന്ന നിലയിൽ ചുരുക്കി കാണുകയാണ് ചെയ്തത്. മാർക്സിസ്റ്റ് കോട്ടയായ കണ്ണൂരിലാണ് ഇത് നടന്നത്. കേരളത്തിലെ ജാതി വിരുദ്ധ സമരത്തിന്റെ മുഴുവൻ പിതൃത്വം ഏറ്റെടുക്കുന്ന എതിർ പ്രസ്ഥാനങ്ങളാണ് ചിത്രലേഖ അനുഭവത്തിൻറെ പിന്നിൽ പ്രവർത്തിച്ചതെന്ന അറിവ് അല്പം പോലും  അത്ഭുതം ഉണ്ടാക്കുന്നില്ല. കാരണം ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ ഇവരുടെ സംഭാവനയല്ല എന്നതുകൊണ്ടുതന്നെ. മലബാറിൻറെ മണ്ണിൽ അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് മാത്രമാണ് അവിടെ കടുത്ത ജാതി നിൽക്കുന്നതെന്ന് ദലിതുകൾ തിരിച്ചറിയുന്നു.

കേരളത്തിലെ ജാതി വിരുദ്ധ സമരത്തിന്റെ മുഴുവൻ പിതൃത്വം ഏറ്റെടുക്കുന്ന എതിർ പ്രസ്ഥാനങ്ങളാണ് ചിത്രലേഖ അനുഭവത്തിൻറെ പിന്നിൽ പ്രവർത്തിച്ചതെന്ന അറിവ് അല്പം പോലും  അത്ഭുതം ഉണ്ടാക്കുന്നില്ല. കാരണം ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ ഇവരുടെ സംഭാവനയല്ല എന്നതുകൊണ്ടുതന്നെ.

ചിത്രലേഖ ജാതി നിയമങ്ങളേയും ലിംഗ നിയമങ്ങളേയും ഒരുപോലെ നിരാകരിച്ചു. ജാതി കുലത്തൊഴിലിനെ തള്ളിക്കളയുകയും സ്ത്രീകൾ കടന്നുവരാൻ മടിക്കുന്ന ഒരു തൊഴിൽ മേഖലയിൽ പ്രവേശിക്കുകയും ചെയ്തു. തൃശൂർ ജില്ലയിൽ വനിതകൾ ബസ്സോടിക്കുന്നത് കണ്ടു അഭിനന്ദിക്കുന്ന സഖാക്കൾ ചിത്രലേഖയുടെ ജാതി-ലിംഗ അതിജീവനത്തെ എന്തുകൊണ്ടാണ് എതിർക്കുന്നത്? ലൈംഗികാപവാദം ഉന്നയിച്ചും ഊരുവിലക്ക് ഏർപ്പെടുത്തിയും ചിത്രലേഖയെ നിശ്ശബ്ദമാക്കാൻ എന്തുകൊണ്ടാണ്  ശ്രമിക്കുന്നത്? ഇവിടെയാണ് ചിത്രലേഖാസംഭവം ജാതിയും ലിംഗവും ഒരുപോലെ ആക്രമണം നടത്തുന്ന ഒന്നായിത്തീരുന്നത്. ജാതിയുടെയും മതത്തിന്റെയും പരാധീനതകൾക്കുള്ളിൽ ദളിത് സ്ത്രീകളെ തടവിലിടാനാണ് എപ്പോഴും സർക്കാരും പൊതുസമൂഹവും താൽപര്യപ്പെടുന്നത്.

പൊതുധാര ഫെമിനിസ്റ്റ് സംവാദം വിമർശിക്കപ്പെടേണ്ടതിനെക്കുറിച്ച്

എന്തുകൊണ്ടാണ് കേരളത്തിലെ ഫെമിനിസ്റ്റ് സംവാദം മേൽപ്രസ്താവിച്ച പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കഴിയാത്ത വിധം ദുർബലമായത്? ഇത്തരം പ്രശ്നങ്ങളിൽ ഒരു ഉദാര മനോഭാവം ഫെമിനിസ്റ്റുകൾ വച്ചുപുലർത്തുന്നത് എന്തുകൊണ്ടാണ്? ഇതിനുത്തരം തരേണ്ടത് ഇതുവരെയുള്ള ഫെമിനിസ്റ്റ്  വാദങ്ങളെ ശരിയായി വായിച്ചു കൊണ്ടാണ്. സ്ത്രീ സ്വാതന്ത്ര്യദിന പ്രസ്ഥാനം ഉയർത്തിയ ഏറ്റവും ശക്തമായ വാദം ലൈംഗികാതിക്രമത്തിനെതിരെയാണ്. തൊഴിലിടത്തെ, വീട്ടിലെ, പൊതുസ്ഥലത്തെ ലൈംഗിക പീഡന കേസുകളിൽ പ്രതികൾ ഉന്നതരായിരുന്നതുകൊണ്ടും, അവയുടെ ആവർത്തന സ്വഭാവം കൊണ്ടും കൂടിയായിരിക്കണം ഇവ കേന്ദ്ര പ്രശ്നമായി മാറുന്നത്. 

മധ്യവർഗ സ്ത്രീപ്രശ്നത്തിനാണ് കൂടുതൽ പ്രാധാന്യം നൽകപ്പെടുന്നത്. സ്വത്തവകാശം, പൊതുജീവിതത്തിലെ പ്രാകൃത ഗാർഹിക ജീവിത നിയന്ത്രണങ്ങൾ എന്നിവയാണ് പ്രശ്നവൽക്കരിക്കപ്പെടുന്നത്. ഈ വാദങ്ങളിൽ അന്തർലീനമായിരുന്നത് കീഴാള സ്ത്രീ ജീവിതങ്ങളുടെ കാല്പനികവത്കരണമായിരുന്നു. കീഴാളമായാണ് പലപ്പോഴും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കൽപ്പനകൾ നിർമ്മിതമായത്.  ആധുനിക കേരള നിർമിതിയിൽ അണുകുടുംബങ്ങളുടെ വ്യാപനവും തുടർന്ന് പിതൃദായകക്രമവും വ്യാപകമായി സ്ഥിരീകരിക്കപ്പെട്ടതും സ്ത്രീവിരുദ്ധമായി വിശകലനം ചെയ്തപെട്ടു. സാമൂഹിക പരിഷ്കരണപ്രസ്ഥാനം യഥാർത്ഥത്തിൽ സ്ത്രീജീവിതത്തെ കുടുംബത്തിനകത്തായി പരുകപ്പെടുത്തുകയാണ് ചെയ്തതെന്ന് തുടർ ഫെമിനിസ്റ്റ് വാദവും ഉണ്ടായി. ഇതിനു പുറത്ത് (കുടുംബത്തിന്) തൊഴിലെടുക്കുന്ന, സഞ്ചാരസ്വാതന്ത്ര്യമുഉള്ള ദളിത് സ്ത്രീ പ്രതിഷ്ഠിക്കപ്പെട്ടു. ഈ അപ നിർമിതിയിലാണ് ഫെമിനിസ്റ്റ് സംവാദത്തിനകത്തെ ദളിത് സ്ത്രീ പ്രതിനിധാനം കുടികൊള്ളുന്നത്. പൊതുബോധം ഉൽപാദിപ്പിച്ച കുലസ്ത്രീ സങ്കല്പത്തിനും ഫെമിനിസ്റ്റ് ആഖ്യാനങ്ങളുടെ ഇതരസ്ത്രീകളിലും ഒരേസമയം അപരമായി മാറുക എന്ന വിധിയാണ് ദളിത് സ്ത്രീകളെ കാത്തിരുന്നത്.  ആദ്യം പറഞ്ഞ കരുത്തുറ്റ കർഷകസ്ത്രീ (വാർപ്പ് മാതൃക)യിലേക്ക് ദളിത് കർതൃത്വത്തെ ചുരുക്കിയതിൽ പൊതുധാര ഫെമിനിസ്റ്റ് വാദത്തിന്റെ പങ്ക് വളരെ വലുതാണ്. ലിംഗപദവിയെ നിർണ്ണയിക്കുന്നതിൽ ജാതിവ്യവസ്ഥയ്ക്കുള്ള പങ്ക് ചർച്ചചെയ്യാൻ ഇനിയും ഫെമിനിസ്റ്റ് ചിന്തകൾക്കായിട്ടില്ല. സ്ത്രീ-പുരുഷ ദ്വന്ത്വകാത്മക (binary) കല്പനകളിലുള്ള വിശകലനങ്ങൾ ഫെമിനിസ്റ്റ് വായനയെ ദുർബലപ്പെടുത്തി.

കേരളത്തിലെ കീഴാളരുടെ സാമൂഹിക ജീവിതത്തിൻറെ ഉയർച്ചയെ ഗണ്യമായി സ്വാധീനിച്ച കൊളോണിയൽ ആധുനികതയും, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും ഫെമിനിസ്റ്റ് ചരിത്ര ബോധത്തിൽ പ്രവേശിക്കപെട്ടിട്ടില്ല. മധ്യവർഗ്ഗ ഫെമിനിസ്റ്റുകൾക്ക് പിടി കിട്ടാത്ത അനേകം കാര്യങ്ങൾ കേരളീയ സാമൂഹികജീവിതത്തിൻറെ അടിയൊഴുക്കിനെ നിയന്ത്രിക്കുന്നുണ്ട്. ഇവിടെ വേണ്ടത് ലിംഗാനുഭവങ്ങൾ വ്യത്യസ്ത തലത്തിലും ഭാവങ്ങളിലും നിലനിൽക്കുന്നു എന്ന തിരിച്ചറിവാണ്. അതുകൊണ്ടുതന്നെ പുരുഷാധിപത്യത്തിന്റെ കീഴിൽ എല്ലാ സ്ത്രീകളും ഒരേ പോലെ അടിച്ചമർത്തപ്പെടുന്നു എന്ന വാദവും തിരസ്കരിക്കപ്പെടേണ്ടതുണ്ട്. മേൽജാതി സ്ത്രീകൾ ലിംഗവ്യവസ്ഥയിൽ അടിച്ചമർത്തപ്പെട്ടവരാണെങ്കിലും ജാതി അധികാരങ്ങൾ അവർക്ക് ചില അധിക സാധ്യതകൾ തുറന്നു കൊടുക്കുന്നു. ഇത് മനസ്സിലാക്കാത്തത് കൊണ്ടാണ് തിരുവിതാംകൂർ മഹാറാണിയും അവിവാഹിതരായ ആദിവാസി അമ്മയും  ഒരേ പ്രശ്നങ്ങൾ അനുഭവിക്കുന്നു എന്നപോലുള്ള വാദം ഉണ്ടാകുന്നത്. ഫെമിനിസ്റ്റ് സംവാദത്തെ ഭരിക്കുന്നത് സവർണ്ണ മധ്യവർഗ്ഗയുക്തിയാണ് എന്നതാണ് ഈ വാദത്തിന് കാരണം. ഈ യുക്തി പുറന്തള്ളുന്ന രക്ഷാകർതൃത്വബോധത്തിൽ അധിഷ്ഠിതമായ സമീപനമാണ് ഫെമിനിസ്റ്റുകൾ സ്ത്രീകളോടും പുലർത്തുന്നത്. ഇപ്രകാരം ദളിത് ഇതര സാന്നിദ്ധ്യങ്ങളെ ഫെമിനിസ്റ്റ് സ്വാതന്ത്ര്യത്തിൽ നിന്ന് പുറന്തള്ളിക്കൊണ്ടും ഇത്തരം സ്ത്രീകളുടെമേൽ അധീശത്വബോധം പുലർത്തികൊണ്ടും ആണ് മലയാളി ഫെമിനിസ്റ്റ് സ്വത്വം രൂപം കൊണ്ടത്. ഒരു പക്ഷേ ഇതു തന്നെയാണ് അതിൻറെ പരിമിതിയും. ഈ വെളിച്ചത്തിലാണ് സുപ്രധാന പ്രശ്നങ്ങളെ ഏറ്റെടുക്കാൻ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിയാതെ പോയത്. ഗീതുവിനെയും രജനിയെയും മറ്റും ദളിതാവസ്ഥയുടെ നേർക്കാഴ്ചയായി മാത്രം കാണാൻ അവരെ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ഈ പ്രശ്നങ്ങൾ തുറന്നു കാണിക്കുന്ന ദളിത്സ്ത്രീ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയാതെ മലയാളി ദളിത് സംവാദങ്ങളും അറച്ചു നിന്നു പോയത്.

[ഗോത്രഭൂമി മാസിക, 2006]

ലേഖകയെക്കുറിച്ച്: രേഖാരാജ് ഒരു ദളിത് ഫെമിനിസ്റ്റും, ചിന്തകയും, സാമൂഹികപ്രവർത്തകയുമാണ്. എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനാന്തര ബിരുദം നേടിയ ശേഷം അവിടെ ഗാന്ധിയൻ സ്റ്റഡീസ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറായി ജോലിചെയ്യുന്നു.

ബ്ലോഗ് പത്രാധിപരുടെ കുറിപ്പ്: രേഖാ രാജിന്റെ “ദളിത് സ്ത്രീ ഇടപെടലുകൾ” (ഡി സി ബുക്ക്സ്, 2017) എന്ന ലേഖനസമാഹാരത്തിലെ ചെറുതായി തിരുത്തിയ  ഒരധ്യായമാണിത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.