കാലാവസ്ഥാവ്യതിയാനവും നമ്മളും

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും, അതിനൊനടനുബന്ധിച്ചു സർക്കാരും സമൂഹവും പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ഡോ. വി .ശശികുമാർ എഴുതുന്നു

ഡോ. വി. ശശി കുമാർ

ഇന്നു് ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ കാലാവസ്ഥാവ്യതിയാനം.  മനുഷ്യരുടെ പ്രവൃത്തികളുടെ ഫലമായുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങളാണു് ആ വാക്കുകൊണ്ടു് പ്രധാനമായി ഉദ്ദേശിക്കുന്നതു്. പെട്രോളിയം കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു വര്‍ദ്ധിക്കുന്നു. ഇതു്, ഒരു കമ്പിളിപ്പുതപ്പുപോലെ എന്നു് ലളിതമായി പറയാം, ചൂടു് പുറത്തേക്കു പോകുന്നതു തടയുന്നു. അങ്ങനെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുന്നു. ഇതിനു് ഭൗമതാപനം (global warming) എന്നു പറയുന്നു. കാര്‍ബണ്‍ ഡയോക്സൈഡ് കൂടാതെ നീരാവി, മീഥെയ്‌ന്‍, ഓസോണ്‍ തുടങ്ങിയ, ഹരിതഗൃഹവാതകങ്ങൾ (green house gases) എന്നറിയപ്പെടുന്ന, ചില വാതകങ്ങൾക്കും ഈ സ്വഭാവമുണ്ടു്. ഇക്കൂട്ടത്തില്‍ ഭൗമതാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതു് കാര്‍ബണ്‍ ഡയോക്സൈഡാണു്. ഭൂമിയിലെല്ലായിടത്തും ജീവനാവശ്യമായ ചൂടു് നിലനിര്‍ത്തണമെങ്കില്‍ ഈ വാതകങ്ങള്‍ ആവശ്യവുമാണു്. എന്നാല്‍, “അധികമായാല്‍ അമൃതും വിഷം” എന്നു പറയാറുള്ളതുപോലെ, ഹരിതഗൃഹവാതകങ്ങളുടെ അളവു് അധികമായാല്‍  അന്തരീക്ഷത്തിന്റെ ചൂടും കൂടും. ഇതാണു് കാലാവസ്ഥാവ്യതിയാനത്തിലേക്കു് നയിക്കുന്നതു്.

File:2000 Year Temperature Comparison.png
ചിത്രം 1: കഴിഞ്ഞ 2000 വർഷത്തെ താപനില പല മാർഗ്ഗങ്ങളിലൂടെ പുനർനിർമ്മിച്ചതു്
(കടപ്പാടു് : Global Warming Art)

ഭൗമതാപനം സംഭവിക്കുന്നതു് സാവധാനത്തിലാണു്.  പക്ഷെ, ഭൂമിയുടെ ശരാശരി താപനില വര്‍ദ്ധിക്കുന്നതു് കൂടുതല്‍ വേഗത്തിലായിക്കൊണ്ടിരിക്കയാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടു്. ഉദാഹരണമായി, കഴിഞ്ഞ ഏതാണ്ടു് നൂറു വര്‍ഷങ്ങളില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിച്ചതിനേക്കാള്‍ ഇരട്ടിയോളം വേഗത്തിലാണു് കഴിഞ്ഞ അമ്പതു വര്‍ഷമായി ചൂടു കൂടുന്നതു്. ഒന്നര നൂറ്റാണ്ടോളമായി ഭൂമിയില്‍ പലയിടത്തും താപനില അളക്കുന്നതില്‍നിന്നു് വ്യക്തമാകുന്ന കാര്യങ്ങളാണിതു്. ഇപ്പോൾ ഭൗമതാപനമുണ്ടാകുന്നതു് മനുഷ്യരുടെ പ്രവൃത്തികള്‍ മൂലമാണെന്നതിനു്  സംശയമൊന്നും അവശേഷിക്കുന്നില്ല.

അന്തരീക്ഷത്തിന്റെ ചൂടു കൂടുന്നതു് മറ്റു പലതിനെയും ബാധിക്കുന്നുണ്ടു് എന്നു വ്യക്തമായിട്ടുണ്ടു്. അവയില്‍ പ്രധാനപ്പെട്ട ചിലതാണ് കടല്‍നിരപ്പുയരുക,  ആകെ ലഭിക്കുന്ന മഴയുടെ അളവു കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാകുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക, തുടങ്ങിയവ. കാലാവസ്ഥാവ്യതിയാനത്തേപ്പറ്റി പഠിക്കാന്‍ നിയോഗിച്ച അന്തര്‍സര്‍ക്കാര്‍ സമിതിയുടെ  (Intergovernmental Panel on Climate Change, IPCC) നാലാമത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു് ഇക്കാര്യങ്ങളിവിടെ എഴുതുന്നതു്.

കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലങ്ങൾ

അന്തരീക്ഷത്തിന്റെ ചൂടു കൂടുന്നതു് ജീവിതം കൂടുതല്‍ ദുസ്സഹമാക്കും എന്ന കാര്യത്തില്‍  ആര്‍ക്കും തർക്കമുണ്ടാവില്ലല്ലോ. അതു് നമ്മൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. മനുഷ്യര്‍ക്കു മാത്രമല്ല ചെടികള്‍ക്കും മൃഗങ്ങള്‍ക്കും ജീവിയ്ക്കാന്‍ ബുദ്ധിമുട്ടു കൂടും. അന്തരീക്ഷത്തിന്റെ ചൂടു് കൂടുമ്പോൾ ധ്രുവങ്ങളിലെയും പർവ്വതമുകളിലെയും കട്ടപിടിച്ചു കിടക്കുന്ന മഞ്ഞു് ഉരുകും. ആ വെള്ളം കടലിലെത്തുകയും കടലിലെ ജലത്തിന്റെ ചൂടു് കൂടുന്നതുകൊണ്ടു് അതു് വികസിക്കുകയും ചെയ്യുന്നതിനാൽ കടൽനിരപ്പു് ഉയരും. എല്ലാ തീരപ്രദേശങ്ങളിലും ഇതിന്റെ ഫലം ദൃശ്യമാകും. ചൂടു് കൂടുന്നതനുസരിച്ചു് തീരപ്രദേശങ്ങളിലേക്കു് കടൽ കടന്നുകയറും. പല നഗരങ്ങളും ചെറിയ ദ്വീപുകളും കടലിൽ മുങ്ങാൻ സാദ്ധ്യതയുണ്ടു്. കൂടാതെ, കടൽവെള്ളത്തിന്റെ ചൂടും അമ്ലതയും കൂടുന്നതിനാൽ കടലിലെ പലതരം ജീവജാലങ്ങൾക്കും ജീവിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകും. ചില മത്സ്യങ്ങളെങ്കിലും ചൂടുകുറഞ്ഞ പ്രദേശത്തേക്കു് നീങ്ങും. കടൽവെള്ളത്തിന്റെ അമ്ലത കൂടുന്നതിനാൽ പവിഴപ്പുറ്റുകൾ നശിക്കും. ചില മത്സ്യങ്ങൾക്കു് ജീവിതം ദുസ്സഹമാകും.

NOAA Annual GHG Index
ചിത്രം 2 : കഴിഞ്ഞ 2000 വർഷങ്ങളിൽ ഹരിതഗൃഹവാതകങ്ങളുടെ പങ്കിൽ വന്നിട്ടുള്ള മാറ്റം, ദശലക്ഷം വായു തന്മാത്രകളിൽ എത്ര എന്ന വിധത്തിൽ ( കടപ്പാടു് NOAA, USA)

ചൂടു് കൂടുന്നതനുസരിച്ചു് കൃഷിയുടെ ഉല്പാദനക്ഷമത കുറയും എന്നു്  IPCC യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടു്. യൂറോപ്പുപോലെയുള്ള മിതശീതോഷ്ണമേഖലകളില്‍  (temperate regions) മൂന്നു ഡിഗ്രി ചൂടു കൂടുന്നതുവരെ ഉല്പാദനക്ഷമത കൂടാന്‍ സാദ്ധ്യതയുണ്ടു്. പക്ഷെ  ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ധാന്യങ്ങളുടെയും മറ്റും ഉല്പാദനം കുറയുകയേയുള്ളു. മാത്രമല്ല, കീടങ്ങളുടെ എണ്ണത്തിലും ഇനങ്ങളിലും വർദ്ധനയുണ്ടാകാം എന്നും ഐപിസിസി പറഞ്ഞിട്ടുണ്ടു്. അതും നമ്മുടെ കൃഷിയെ ബാധിക്കും. അതുപോലെ ഐപിസിസി മുന്നറിയിപ്പുതരുന്ന മറ്റു പ്രശ്നങ്ങളാണു് രോഗങ്ങളുടെ വിതരണത്തിൽ മാറ്റമുണ്ടാകുകയും പുതിയ രോഗാണുക്കളും കീടങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്യാം എന്നതു്.

കടല്‍നിരപ്പുയരുന്നതുകൊണ്ടുണ്ടാകാവുന്ന മറ്റൊരു പ്രശ്നം നദികളിലേയ്ക്കു് ഉപ്പുവെള്ളം കടന്നുകയറുക എന്നതാണു്.

കേരളത്തെ എങ്ങനെ ബാധിക്കാം

  • ജലലഭ്യത

വെള്ളം താഴ്ന്നിറങ്ങാന്‍ സഹായിക്കുന്ന കാടുകളും തടാകങ്ങളും കുളങ്ങളും നമ്മള്‍ കുറേയേറെ ഇല്ലാതാക്കിക്കഴിഞ്ഞു എന്നു മാത്രമല്ല തുറന്ന മണ്ണുള്ള ഭാഗങ്ങൾ പലയിടത്തും കോൺക്രീറ്റോ ടൈലുകളോ കൊണ്ടു് വെള്ളം കടക്കാത്തവിധം മൂടിക്കഴിഞ്ഞു. അതുകൊണ്ടു് കാലം കഴിയുംതോറും ശുദ്ധജലം കിട്ടാനുള്ള ബുദ്ധിമുട്ടു് കൂടിവരുമെന്നതിനു സംശയമില്ല. കൃഷിയ്ക്കും മനുഷ്യരുടെയും മൃഗങ്ങളുടെയും ഉപയോഗത്തിനും ശുദ്ധജലം കിട്ടുന്നതു് കഷ്ടമാകും. ചൂടു കൂടുമ്പോള്‍  കുടിക്കാനും മറ്റും കൂടുതല്‍ വെള്ളം ആവശ്യമായിവരികയും ചെയ്യുമല്ലോ.

മൊത്തം മഴ കുറയുകയും എന്നാൽ തീവ്രത കൂടിയ മഴ കൂടുതലായുണ്ടാവുകയും ചെയ്യും എന്നതാണു് ഐപിസിസിയുടെ ഒരു പ്രവചനം. അതു സംഭവിക്കുമ്പോൾ, മഴവെള്ളം ഭൂമിയിലേക്കു് താഴാതെ വേഗത്തിൽ ഒഴുകിപ്പോകുകയും ചെയ്യും. അതിന്റെ ഫലമായി, ഭൂഗർഭജലത്തിന്റെ അളവു കുറയുകയും പ്രളയമുണ്ടാകാനുള്ള സാദ്ധ്യത കൂടുകയും ചെയ്യും. ഇതുതന്നെ പ്രളയവും വരൾച്ചയും കൂടുതലാകാൻ കാരണമാകും. മുകളിൽപ്പറഞ്ഞതുപോലെ ഈ പ്രശ്നങ്ങൾ ഇപ്പോഴേ നമുക്കു് ബുദ്ധിമുട്ടുകളുണ്ടാക്കുമ്പോൾ അതു് കൂടുതൽ രൂക്ഷമായാലത്തെ കാര്യം ചിന്തിക്കാവുന്നതാണു്.

  • കടലാക്രമണവും തീരപ്രദേശത്തെ മറ്റു പ്രശ്നങ്ങളും

കേരളം ഇപ്പോൾത്തന്നെ നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണു് കടലാക്രമണം. ഓരോ വർഷവും അനേകം വീടുകളാണു് കടലാക്രമണത്തിൽ നഷ്ടമാകുന്നതു്. അതു് കൂടിവരുന്നതായാണു് അറിയുന്നതു്.  സമുദ്രനിരപ്പുയരുന്നതു് കടലാക്രമണത്തെ കൂടുതൽ രൂക്ഷമാക്കും. തിരുവനന്തപുരത്തു് ശംഖുമുഖം കടൽത്തീരം ഇല്ലാതായിക്കഴിഞ്ഞു. മറ്റു പലയിടങ്ങളിലും കടൽ കരയിലേക്കു് കയറിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ഏറ്റവുംകൂടിയ ജനസാന്ദ്രതയുള്ള പ്രദേശം തീരദേശമാണു്. അവിടെ ജീവിക്കുന്നവരെയാണു് ഇതു് ബാധിക്കുക എന്നു വരുമ്പോൾ അതു് ബാധിക്കുന്നവരുടെ എണ്ണം വളരെയധികമായിരിക്കും എന്ന കാര്യം വ്യക്തമാണല്ലോ. എന്നാൽ ഇതു് മാത്രമല്ല അവരെ ബാധിക്കാൻപോകുന്നതു്. മുകളിൽ സൂചിപ്പിച്ചതുപോലെ, കടൽവെള്ളത്തിന്റെ ചൂടും അമ്ലതയും കൂടുന്നതുകൊണ്ടു് ചിലതരം മത്സ്യങ്ങൾക്കു് ജീവിതം ദുസ്സഹമാകുകയും അവ ചൂടുകുറഞ്ഞ പ്രദേശത്തേക്കു് നീങ്ങുകയും ചെയ്യും. അങ്ങനെ മത്സ്യത്തിന്റെ ലഭ്യത കുറയുകയും അതു് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിക്കുകയും ചെയ്യും. ഇപ്പോൾത്തന്നെ അനിയന്ത്രിതമായ മത്സ്യബന്ധനത്തിന്റെ ഫലമായി മുമ്പത്തെപ്പോലെ മീൻ കിട്ടുന്നില്ല എന്ന അവസ്ഥയുണ്ടു്. അതിനുപുറമെയാണു് കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി ഇനിയും മീനിന്റെ ലഭ്യത കുറയാൻപോകുന്നതു്. പക്ഷെ എത്രകാലം കൊണ്ടു് കടൽനിരപ്പു്‍ എത്ര ഉയരുമെന്നോ കരയുടെ ഏതൊക്കെ ഭാഗം കടലിലേയ്ക്കു് നഷ്ടപ്പെടുമെന്നോ നമുക്കറിയില്ല.

തീരദേശത്തു് ജീവിക്കുന്നവർ ഇപ്പോൾത്തന്നെ നേരിടുന്ന മറ്റൊരു പ്രശ്നമാണു് കിണറുകളിലും നദികളിലും മറ്റും ഉപ്പുവെള്ളം കടന്നുവരുന്നതു്. സാധാരണഗതിയിൽ  വേനല്‍ക്കാലത്താണു് ഇതു് സംഭവിക്കുന്നതു്. കാടുകള്‍ വെട്ടിത്തെളിച്ചതും തടാകങ്ങളും കുളങ്ങളും നികത്തിയതും അണക്കെട്ടുകള്‍ നിര്‍മ്മിച്ചതും നദീജലം മറ്റാവശ്യങ്ങള്‍ക്കായി തോടുകള്‍വെട്ടി തിരിച്ചുകൊണ്ടുപോയതും ആണു് നദികളില്‍ ഉപ്പുവെള്ളം കയറുന്നതിനു് കാരണമായിട്ടുള്ളതെന്നാണു് ശാസ്ത്രജ്ഞര്‍ കരുതുന്നതു്. എങ്കിൽ, സമുദ്രനിരപ്പുയരുകയും മഴയുടെ അളവു് കുറയുകയും ചെയ്യുമ്പോൾ ഈ പ്രശ്നം കൂടുതൽ രൂക്ഷമാകും എന്ന കാര്യം വ്യക്തമാണു്. ഇതിനെല്ലാം പുറമെ, മറ്റു പ്രദേശങ്ങളിൽ ജീവിക്കുന്നവർക്കുണ്ടാകുന്ന ചൂടിന്റെ ആധിക്യം, ശുദ്ധജലം കിട്ടുന്നതിൽ കുറവു്, പുതിയ രോഗങ്ങളുടെ വരവു്, തുടങ്ങിയ എല്ലാ പ്രശ്നങ്ങളും തീരദേശനിവാസികൾക്കും ഉണ്ടാകും എന്ന കാര്യംകൂടി പരിഗണിക്കുമ്പോൾ ഈ പ്രദേശത്തെ നിവാസികളായിരിക്കും കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക എന്നാണു് മനസ്സിലാകുന്നതു്.

  • രോഗങ്ങളുടെ വിതരണത്തിൽ വരാവുന്ന മാറ്റം

ഐപിസിസിയുടെ നിഗമനമനുസരിച്ചു് രോഗങ്ങളുടെ വിതരണത്തിൽ മാറ്റമുണ്ടാകാം. നിപ്പാ വൈറസ്ബാധയെ നേരിട്ട രീതിയിൽനിന്നു് വ്യക്തമായ ഒരു കാര്യമാണു് കേരളത്തിലെ ആരോഗ്യസംരക്ഷണസംവിധാനങ്ങൾ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളുടേതിനേക്കാളും മെച്ചപ്പെട്ടതാണെന്നു്. എങ്കിലും ഇപ്പോൾ നിലവിലുള്ള രോഗവിതരണരീതിയിൽ മാറ്റംവന്നാൽ അതിനെ നേരിടാൻ കേരളം  തയാറാണോ എന്ന കാര്യം വ്യക്തമല്ല. മാത്രമല്ല, ഐപിസിസി പറയുന്ന ഒരു കാര്യം നിലവിലുള്ള പാരിസ്ഥിതികപ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകും എന്നാണു്. ജലത്തിന്റെ കാര്യം മുകളിൽ വിവരിച്ചതാണു്. നമ്മുടെയിടയിൽ രോഗങ്ങൾ പരത്തുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒരു കാര്യമാണു് നമ്മുടെ നഗരങ്ങളിലെ മാലിന്യപ്രശ്നം. അശ്രദ്ധമായി കൂട്ടിയിട്ടിരിക്കുന്ന ഖരമാലിന്യങ്ങൾ രോഗങ്ങൾ പരത്തുന്നതിലും ചെറുകീടങ്ങൾ മുതൽ എലി, പാമ്പ്‌, പട്ടി, തുടങ്ങിയ ജന്തുക്കൾക്കുവരെ ഭക്ഷണം നൽകി വളർത്തുന്നതിലും ഒരു നല്ല പങ്കു വഹിക്കുന്നുണ്ടു്. ഇത്തരം പല പാരിസ്ഥിതികപ്രശ്നങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണു്. ഇതെല്ലാം കൂടുതൽ രൂക്ഷമാകുന്നതു് മുകളിൽ വിവരിച്ച മറ്റു പ്രശ്നങ്ങൾകൂടി രൂക്ഷമാകുന്ന കാലത്തുതന്നെയാണു് എന്നോർമ്മിക്കണം.

  • വൈദ്യുതോൽപ്പാദനത്തിന്റെ പ്രശ്നം

ഈ സന്ദര്‍ഭത്തില്‍ മറ്റൊരു കാര്യം കൂടി ഓര്‍മ്മിക്കട്ടെ. നമ്മുടെ വൈദ്യുതിയുടെ വലിയ ഭാഗം ലഭിക്കുന്നതു് ജലവൈദ്യുത പദ്ധതികളില്‍ നിന്നാണല്ലോ. ജലത്തിന്റെ ലഭ്യത കുറയുമ്പോള്‍ വൈദ്യതോല്പാദനം കുറയും. പെട്രോളിയത്തിന്റെ ലഭ്യതയും കുറഞ്ഞുവരുന്നതിനാല്‍ താപോര്‍ജ്ജത്തിന്റെ സാദ്ധ്യതയും കുറയും. സൗരോര്‍ജ്ജവും വാതോര്‍ജ്ജവും മാത്രമാണു് സ്ഥിരമായി, പരിസ്ഥിതിപ്രശ്നങ്ങള്‍ കാര്യമായിട്ടില്ലാതെ (നമുക്കിന്നു് അറിയാവുന്നിടത്തോളം), ലഭിക്കാന്‍ സാദ്ധ്യതയുള്ളതു്.

നമുക്കു് എന്തുചെയ്യാനാകും?

നാം നേരിടാൻ സാദ്ധ്യതയുള്ള പ്രശ്നങ്ങളെപ്പറ്റി മുകളിൽ വിവരിച്ചു. ഇനി ഇക്കാര്യങ്ങളിൽ നമുക്കു് എന്തെല്ലാം ചെയ്യാനാകും എന്നുകൂടി പരിശോധിക്കാം. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിൽ എന്തെല്ലാം സംഭവിക്കാം, അതിനെല്ലാം എന്തു പരിഹാരങ്ങൾ കണ്ടെത്താം എന്നെല്ലാം പണ്ടേ കണ്ടേത്തി നടപടികൾ ആരംഭിക്കേണ്ടതായിരുന്നു. അതു് നമ്മൾ ചെയ്തിട്ടില്ല. ഇനി എന്തെല്ലാം ചെയ്യണം എന്നു നോക്കാം.

കേരളത്തിലും ഇന്ത്യയിലും ഇതുപോലെയുള്ള മറ്റു പ്രദേശങ്ങളിലും ജീവിക്കുന്നവർക്കു് കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടു് രണ്ടു് ഉത്തരവാദിത്തങ്ങളുണ്ടു് എന്നാണു് എന്റെ അഭിപ്രായം: 1. ആഗോളതലത്തിൽ കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാൻവേണ്ടി സർക്കാരുകളും ജനങ്ങളും ചെയ്യുന്ന കാര്യങ്ങളിൽ പങ്കുചേരുക; 2. ഈ ഭൂഭാഗത്തു് ജീവിക്കുന്നവർക്കു് നേരിടേണ്ടി വരാവുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണു് എന്നു കണ്ടെത്തി നേരത്തേകൂട്ടി തയാറെടുക്കുക. ഇതിൽ രണ്ടാമത്തെ കാര്യത്തിൽ പണ്ടേ ചെയ്യേണ്ടിയിരുന്ന പല കാര്യങ്ങളും നമ്മൾ ചെയ്തിട്ടില്ല. എന്നാലും ഇനി എന്തെല്ലാം ചെയ്യാം എന്നു പരിശോധിക്കാം.

നിലവിലുള്ള പരിസ്ഥിതിപ്രശ്നങ്ങൾ

നിലവിലുള്ള പാരിസ്ഥിതികപ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകും എന്നും അവ കാലാവസ്ഥാവ്യതിയാനമുണ്ടാക്കുന്ന പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കും എന്നതും വ്യക്തമാണ്. അവയിൽ പ്രധാനപ്പെട്ട ഒന്നാണു് ജലവുമായി ബന്ധപ്പെട്ടതു്. 

ജലം: കാടുകൾ തെളിക്കുകയും കുളങ്ങളും തടാകങ്ങളും നികത്തുകയും തുറന്ന പ്രദേശങ്ങളിൽ ഒരു വലിയ ഭാഗം കോൺക്രീറ്റോ ടൈലുകളോ കൊണ്ടു് വെള്ളം കടക്കാതെ മൂടിക്കെട്ടുകയോ  ചെയ്തതിന്റെ ഫലമായി മഴയിൽനിന്നു കിട്ടുന്ന ജലം ഭൂമിയിലേക്കു് ഇറങ്ങിച്ചെല്ലാതെ വേഗം തന്നെ ഒഴുകി കടലിലെത്തുന്നതാണു് ജലവുമായി ബന്ധപ്പെട്ടു് നാം നേരിടുന്ന പ്രശ്നങ്ങളുടെ മുഖ്യ കാരണങ്ങൾ. സഹ്യപർവ്വതത്തിൽ പെയ്യുന്ന മഴയിൽ നിന്നു കിട്ടുന്ന വെള്ളം ഏതാനും മണിക്കൂറുകൾ കൊണ്ടു് കടലിൽ എത്തും എന്നാണു് കണക്കാക്കിയിരിക്കുന്നതു്. മഴയുടെ തീവ്രത കൂടുമ്പോൾ ഇപ്പോൾ സംഭവിക്കുന്നതിനേക്കാൾ വേഗത്തിൽ വെള്ളം ഒഴുകിപ്പോകുകയും ഭൂമിയിൽ തീരെ താഴാതിരിക്കുകയും ചെയ്യും. മാത്രമല്ല, ഒഴുകിപ്പോകേണ്ട ഭൂപ്രദേശങ്ങൾ കെട്ടിടങ്ങളോ മാലിന്യങ്ങൾ കൂടിക്കിടക്കുന്നതോ കാരണം അടഞ്ഞുകിടന്നാൽ വെള്ളം അതിനാകുന്ന വഴിയിലൂടെ ഒഴുകുകയും അപ്രതീക്ഷിതമായ ഭാഗങ്ങളിൽ എത്തി പ്രളയമുണ്ടാക്കുകയും ചെയ്യും. ഇതു് നമ്മൾ 2018ലും 2019ലും കണ്ടതാണു്. അതുകൊണ്ടു്, കഴിവതും ഭൂഭാഗങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും തടാകങ്ങളും കുളങ്ങളും സംരക്ഷിക്കുകയും പുതിയവ നിർമ്മിക്കുകയും ചെയ്യണം. അതുപോലെ, വെള്ളം ഒഴുകിപ്പോകേണ്ട പ്രദേശങ്ങൾ അതിനു് പോകാനായി തുറന്നിടണം. ഇത്തരം പല പ്രദേശങ്ങളും കയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ടു് എന്നാണു് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു്. അവയെല്ലാം ഒഴിപ്പിച്ചു് വെള്ളത്തിനു് ഒഴുകിപ്പോകാനുള്ള വഴി തുറന്നിടണം.

തീരദേശം: കടൽനിരപ്പു് ഒരു മീറ്റർ, രണ്ടുമീറ്റർ, ഇങ്ങനെ ഉയർന്നാൽ കരയുടെ ഏതുഭാഗംവരെ കടലാകും എന്നു് കണ്ടുപിടിക്കാൻ വലിയ വിഷമമില്ല. അതു് കണ്ടുപിടിച്ചശേഷം എത്ര കുടുംബങ്ങളെ ബാധിക്കും എന്നു് കണ്ടെത്തി അവർക്കു് വേണ്ട രക്ഷ ചെയ്യാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണം.

ഭക്ഷണം: ഭക്ഷ്യോൽപ്പാദനം ഇപ്പോഴേ ആവശ്യത്തിനില്ലാത്ത സംസ്ഥാനമാണല്ലോ കേരളം. നാമിപ്പോൾ മിക്ക ഭക്ഷ്യവസ്തുക്കളും തമിഴ് നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും മറ്റുമാണു് കൊണ്ടുവരുന്നതു്. ഐപിസിസിയുടെ പ്രവചനം സത്യമായാൽ ഒരുപക്ഷെ കൂടുതൽ ദൂരത്തുനിന്നു് അരിയും പച്ചക്കറികളും കൊണ്ടുവരേണ്ടി വരാം. അതിനുള്ള മാർഗ്ഗങ്ങളെപ്പറ്റി ചിന്തിച്ചുതുടങ്ങുന്നതു് നന്നായിരിക്കും. എന്നാൽ, നമ്മുടെ പ്രധാനപ്പെട്ട നാണ്യവിളകളുടെ കാര്യത്തിൽ പെട്ടെന്നു് ഒന്നും ചെയ്യാൻ കഴിയാതെ വരാം. അതിന്റെ ഫലമനുഭവിക്കാൻ പോകുന്നതു് മലയോരകർഷകരായിരിക്കും, വിശേഷിച്ചു് റബ്ബർ, തേയില തോട്ടമുടമകളും മറ്റും. എന്നാൽ, കൂടിയ ചൂടിൽ ഉൽപ്പാദനക്ഷമത നിലനിർത്താനാകുന്ന സസ്യവർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ഇപ്പോഴെങ്കിലും തുടങ്ങാവുന്നതാണു്.

ആരോഗ്യം: രോഗങ്ങളുടെ വിതരണത്തിൽ മാറ്റം വരാം എന്ന ഐപിസിസിയുടെ മുന്നറിയിപ്പാവണം ആരോഗ്യരംഗത്തു് നാം നേരിടാൻപോകുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ അതുമാത്രമല്ല നാം നേരിടാൻപോകുന്നതു്. മാലിന്യക്കൂമ്പാരങ്ങൾ ഇപ്പോൾത്തന്നെ ഉണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി നമുക്കറിയാം. ചൂടുകൂടുകയും മഴയുടെ അളവു കുറയുകയും തീവ്രമായ മഴ കൂടുതലായി ഉണ്ടാവുകയും ചെയ്യുമ്പോൾ കൊച്ചുകുട്ടികളുടെയും പ്രായമായവരുടെയും ചില ശാരീരികപ്രശ്നങ്ങളുള്ളവരുടെയും ആരോഗ്യസ്ഥിതി കൂടുതൽ മോശമാകാൻ സാദ്ധ്യതയുണ്ടു് എന്നു് ഐപിസിസി മുന്നറിയിപ്പു് തന്നിട്ടുണ്ടു്. കേരളത്തിലുള്ളവരെ ഇതെങ്ങനെ ബാധിക്കാം എന്ന കാര്യം നമുക്കറിയില്ല. നാം മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. നാം വേണ്ടത്ര മുൻകരുതലെടുത്തില്ലെങ്കിൽ കുടിവെള്ളത്തിന്റെ ലഭ്യതയിൽ ഉണ്ടാകാവുന്ന കുറവു് എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കും എന്നതിനു സംശയമില്ല. പ്രായമേറിവരുന്ന ഒരു ജനതയുള്ള നാടു് എന്ന നിലയിൽ ഇതു് ഗൗരവമുള്ള കാര്യമാണു്. 

കീടങ്ങളുടെ എണ്ണത്തിലും തരത്തിലും ഉണ്ടാകാവുന്ന മാറ്റം ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കാൻ സാദ്ധ്യതയുണ്ടു്, വിശേഷിച്ചു് കീടനാശിനികളില്ലാത്ത ഭക്ഷണം കിട്ടാൻ ഇപ്പോൾത്തന്നെ ബുദ്ധിമുട്ടുള്ള സ്ഥിതിക്കു്. ഓരോ വീട്ടിലും, ഫ്ലാറ്റുകളിൽപ്പോലും ഒരു അടുക്കളത്തോട്ടം ഉണ്ടാക്കുക എന്നതു് അത്യാവശ്യമാണു്. ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, തുടങ്ങിയ വിദ്യകൾ ഇപ്പോൾ അറിവുള്ളതുകൊണ്ടു് എവിടെ വേണമെങ്കിലും ചെടികൾ വളർത്തി വിളവെടുക്കാവുന്നതാണു്.

വൈകിയാണെങ്കിലും, കാലാവസ്ഥാവ്യതിയാനമുണ്ടാക്കാവുന്ന പ്രശ്നങ്ങളേപ്പറ്റി നമ്മുടെ സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങി എന്നതു് സന്തോഷമുള്ള കാര്യമാണു്. അതിനു കാരണമായതു് രണ്ടു വർഷം അടുപ്പിച്ചുണ്ടായ ഗുരുതരമായ പ്രളയമാണു് എന്നതു് തീർച്ചയായും സന്തോഷമുളവാക്കുന്ന കാര്യമല്ല. ഒരു വ്യാഴവട്ടക്കാലം മുമ്പു് ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്ന കാര്യങ്ങൾ അന്നേ കണക്കിലെടുത്തു് പ്രവർത്തിച്ചിരുന്നെങ്കിൽ എത്ര ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയും ജീവനുകൾ രക്ഷിക്കുകയും ചെയ്യാമായിരുന്നു! കാലാവസ്ഥാവ്യതിയാനം നിമിത്തം ജനങ്ങള്‍ക്കു് ഇനിയും വലിയ കഷ്ടപ്പാടുണ്ടാകാതിരിക്കണമെങ്കില്‍ നമുക്കു് ഒരുപാടു് കാര്യങ്ങള്‍ ചെയ്യാനുണ്ടു്. കേരളത്തെ കാലാവസ്ഥാവ്യതിയാനം എങ്ങനെ ബാധിക്കാം എന്നതിനേപ്പറ്റി കൃത്യമായ അറിവുണ്ടാക്കേണ്ടതുണ്ടു്. എങ്കിലല്ലേ നമുക്കതിനെ പ്രതിരോധിക്കാനാവൂ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഗവേഷകര്‍ക്കും സാധാരണക്കാർക്കും ഇക്കാര്യത്തില്‍ ചെയ്യാന്‍ ധാരാളമുണ്ടു്. എന്നാൽ, വിശേഷിച്ചു് ഈ വൈകിയവേളയിൽ അവരാണു് എല്ലാം ചെയ്യേണ്ടതു് എന്നു ചിന്തിച്ചു് സാധാരണജനങ്ങൾ കാത്തിരിക്കുന്നതു് അവർക്കുതന്നെ ബുദ്ധിമുട്ടുകൾ വരുത്തിവയ്ക്കുകയേയുള്ളൂ. ലോകമാസകലം കാലാവസ്ഥാസമരം വ്യാപിച്ചിട്ടും പല സർക്കാരുകളും ഒന്നും ചെയ്യുന്നില്ല എന്ന കാര്യം ഓർമ്മിക്കണം.

ഉപസംഹാരം

കാലാവസ്ഥാവ്യതിയാനത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതു് പെട്രോളിയത്തിന്റെ ഉപഭോഗമായതുകൊണ്ടു് വികസിത രാഷ്ട്രങ്ങളാണു് പ്രധാന ഉത്തരവാദികള്‍. എന്നാൽ, അങ്ങനെയൊരു പ്രശ്നമേയില്ല എന്നാണു് ചില ഭരണാധികാരികൾ വിശ്വസിക്കുന്നതു്. അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാവും എന്നാര്‍ക്കും പ്രവചിക്കാനാവാത്തതുകൊണ്ടു് കാലാവസ്ഥയിലെ മാറ്റം എത്ര വേഗത്തിലാവും എന്നു മുന്‍കൂട്ടി അറിയാനാവില്ല. എങ്കിലും നമ്മളതേപ്പറ്റി ഒരേകദേശരൂപം ഉണ്ടാക്കിയേ തീരൂ. അതോടൊപ്പം ഓരോ കാലഘട്ടത്തിലും കടല്‍നിരപ്പു് എത്രകണ്ടു് ഉയരുമെന്നും അപ്പോള്‍ കടല്‍ കരയിലേയ്ക്കു് എത്ര കയറിവരുമെന്നും ഏകദേശമായെങ്കിലും അറിയണം. എങ്കിലേ കടല്‍ത്തീരത്തു വസിക്കുന്നവരെ കടലാക്രമണത്തില്‍നിന്നും കഷ്ടപ്പാടില്‍നിന്നും രക്ഷിക്കാനാവൂ.

എന്തായാലും പെട്രോളിയം തീരാറാകുന്നു എന്ന വാർത്തയും കാലാവസ്ഥാവ്യതിയാനവും പ്രധാന ഊർജ്ജസ്രോതസ്സായി വൈദ്യുതിയിലേക്കു് തിരിയാൻ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടു് എന്നതു് നല്ല കാര്യംതന്നെ. കേരളത്തിൽപ്പോലും വൈദ്യുതിയിലോടുന്ന കാറുകളും ഓട്ടോറിക്ഷകളും മറ്റും ഉപയോഗിക്കാനും നിർമ്മിക്കാനും തുടങ്ങി എന്നതുതന്നെ സന്തോഷകരമായ വാർത്തയാണു്.

കേരളത്തിൽ ഇപ്പോൾത്തന്നെ പ്രളയവും വരൾച്ചയും മാറിമാറി വരുന്നതാണു് നമ്മൾ കാണുന്നതു്. കുറേക്കാലമായി ഇങ്ങനെയൊക്കെ ആയതുകൊണ്ടു് നമുക്കതു് ശീലമായിപ്പോയി എന്നുതന്നെ പറയാം. ഒരമ്പതോ അറുപതോ വർഷം മുൻപു് ഇങ്ങനെയായിരുന്നില്ല. അക്കാലത്തും ചിലപ്പോൾ പ്രളയവും ചിലപ്പോൾ വരൾച്ചയും ഉണ്ടാകാറുണ്ടായിരുന്നു. എന്നാൽ ഇന്നത്തെപ്പോലെ അതൊരു പതിവല്ലായിരുന്നു. അതിനു് പല കാരണങ്ങളുണ്ടു്. ജനസംഖ്യ വർദ്ധിച്ചതും വെള്ളം എളുപ്പത്തിൽ ഒഴുകിപ്പോകാതെ പിടിച്ചുനിർത്തുന്ന വനങ്ങൾ, തടാകങ്ങൾ, കുളങ്ങൾ, തുടങ്ങിയവ കുറെയേറെ ഇല്ലാതായതും മഴവെള്ളം തീരെ ഭൂമിയിലേക്കു് ഇറങ്ങിപ്പോകാത്ത വിധത്തിൽ ഭൂമിയുടെ ഉപരിതലത്തിൽ കോൺക്രീറ്റും മറ്റും കൊണ്ടു് മൂടിയതും അങ്ങനെ പലതും. ഇതൊന്നും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളല്ല. എന്നാൽ, ഇതു് പ്രസക്തമാകുന്നതു് നിലവിലുള്ള പാരിസ്ഥിതികപ്രശ്നങ്ങൾ കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി കൂടുതൽ രൂക്ഷമാകും എന്ന ഐപിസിസിയുടെ കണ്ടെത്തലിലൂടെയാണു്.

ജലലഭ്യത കുറയുമെന്നുള്ളതുകൊണ്ടു് ശുദ്ധജലം സംരക്ഷിക്കാനുള്ള നടപടികള്‍ കഴിവതും വേഗം തുടങ്ങണം. വനനശീകരണം തടയുക, വനവല്‍ക്കരണം നടത്തുക, അവശേഷിക്കുന്ന ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുകയും പുതിയ കുളങ്ങളും മറ്റും നിര്‍മ്മിക്കുകയും മഴക്കൊയ്ത്തു് നിർബ്ബന്ധമാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ആത്മാര്‍ത്ഥമായിത്തന്നെ നടത്തേണ്ടതുണ്ടു്.  ഇത്തരം പല കാര്യങ്ങളിലും സര്‍ക്കാരിന്റെ സൂക്ഷ്മശ്രദ്ധ പതിയേണ്ടതിനോടൊപ്പം ഇതെല്ലാം നമ്മുടെ പ്രശ്നമായി മനസ്സിലാക്കിക്കൊണ്ടു് ജനങ്ങളും പ്രവര്‍ത്തിക്കേണ്ടതുണ്ടു്. നമ്മള്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഭേദമില്ലാതെ നമ്മളും നമ്മുടെ കുഞ്ഞുങ്ങളും തന്നെയാണു് കഷ്ടപ്പെടാന്‍ പോകുന്നതെന്നു് നാം മനസിലാക്കണം. ധനികർക്കുപോലും പോയി ജീവിക്കാൻ സുരക്ഷിതമായ മറ്റൊരിടമില്ല എന്നും ഓർമ്മിക്കണം. നമുക്കു് ഒരൊറ്റ വീടേയുള്ളൂ. അതു് നശിപ്പിച്ചാൽ നമ്മളും അതോടൊപ്പം നശിക്കും. കൂട്ടത്തിൽ ഒരു തെറ്റും ചെയ്യാത്ത മറ്റു ജീവജാലങ്ങളും.

Image result for 2100 warming projections
ചിത്രം 3 : 2100-ഓടെ ശരാശരി ആഗോളതാപനില എങ്ങനെ മാറാം എന്ന് കാണിക്കുന്നു
(കടപ്പാടു് Climate Action Tracker)

ഉയരുന്ന താപനില ഏതെല്ലാം വിളകളെ എങ്ങനെയെല്ലാമാണു് ബാധിക്കാന്‍ പോകുന്നതെന്നു് മനസിലാക്കേണ്ടതുണ്ടു്. അത്തരം ചെടികളുടെ പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുകയോ മറ്റു വിളകള്‍ പകരം കണ്ടെത്തുകയൊ ചെയ്യണം. കീടങ്ങളുടെ ഇനത്തിലും എണ്ണത്തിലും വ്യത്യാസമുണ്ടാകാം. ഇതെല്ലാം നേരിടാനായി കഴിയുന്നത്ര വിവരങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതു സഹായകമാകും. രോഗങ്ങളുടെ വിതരണത്തിലും വ്യത്യാസമുണ്ടാകുമെന്നാണു് സൂചന. ഇവിടെയെല്ലാം ഗവേഷകര്‍ക്കു് ഒരുപാടു് കാര്യങ്ങള്‍ ചെയ്യാനുണ്ടു്, നേരത്തേതന്നെ ചെയ്യേണ്ടതായിരുന്നു. നമ്മളെല്ലാവരും ഒത്തുപിടിച്ചാല്‍ എല്ലാവരുടെയും, വിശേഷിച്ചു് സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരുടെ, കഷ്ടപ്പാടു് കുറയ്ക്കാൻ ഇപ്പോഴുമായേക്കും.

ഗ്രെറ്റ തൺബെർഗ് എന്ന പതിനാറുകാരിയായ സ്വീഡിഷ് സ്ക്കൂൾ വിദ്യാർത്ഥി തുടങ്ങിവച്ച ഒറ്റയ്ക്കുള്ള പ്രതിഷേധസമരം ലോകമെമ്പാടും വ്യാപിച്ചതു് ഇപ്പോൾ സഹായകമാകാൻ സാദ്ധ്യതയുണ്ടു്. പല രാജ്യങ്ങളിലും അഭൂതപൂർവ്വമായ ജനകീയ സമരങ്ങളാണു് അരങ്ങേറുന്നതു്. അതിന്റെ മാറ്റൊലി കേരളത്തിലുൾപ്പെടെ ഇന്ത്യയിലും ഉണ്ടായെങ്കിലും ഇവിടെ ജനങ്ങളും സർക്കാരുകളും ഇപ്പോഴും കാര്യമായി ഒന്നും ചെയ്തു തുടങ്ങിയിട്ടില്ല എന്നതു് ആശ്വാസം തരുന്ന കാര്യമല്ല. അതിൽ ഉടനെതന്നെ മാറ്റമുണ്ടായില്ലെങ്കിൽ അടുത്ത ഏതാനും ദശകങ്ങൾ അതീവ ദുരിതപൂർണ്ണമായിരിക്കും എന്നതിനു് സംശയമൊന്നുമില്ല. അങ്ങനെയാവാതിരിക്കട്ട.

അതേസമയം കാലാവസ്ഥാവ്യതിയാനത്തെ പിടിച്ചുകെട്ടുന്നതിൽ മനുഷ്യൻ വൈകിപ്പോയോ എന്ന സംശയം ഇപ്പോൾ ഉണ്ടായിത്തുടങ്ങിയിട്ടുണ്ടു്. കാരണം, ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ, 2100ാമാണ്ടോടെ ശരാശരി ആഗോളതാപനില വ്യാവസായികവിപ്ലവത്തിനു മുൻപുണ്ടായിരുന്നതിനേക്കാൾ മൂന്നു ഡിഗ്രിയോളം വർദ്ധിക്കും എന്നാണു് പുതിയ കണക്കുകൾ പറയുന്നതു്. (ചിത്രം നോക്കൂ) എന്നാൽ, ഐപിസിസി പറയുന്നതനുസരിച്ചു് ഇനിയും പത്തു വർഷമുണ്ടത്രെ നമുക്കു് അതിനെ തളയ്ക്കാനായി. പക്ഷേ, ആ പത്തുവർഷംകൊണ്ടു് ജീവിതരീതികളിലും വ്യവസായലോകത്തും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. അതു ചെയ്യാൻ ലോകത്തിലെ ഭരണാധികാരികളെ വിശ്വസിക്കാനാകും എന്നു തോന്നുന്നില്ല. അവരിൽ പലരും ഇപ്പോഴും ബിസിനസ്സിനും ലാഭത്തിനുമാണു് മുൻഗണന കൊടുക്കുന്നതു്. ജനങ്ങൾ വേണ്ടിവന്നാൽ തെരുവിലിറങ്ങി സമരംചെയ്താലേ എന്തെങ്കിലും നടക്കൂ എന്നാണു് ഇതുവരെയുള്ള അനുഭവം കാണിക്കുന്നതു്.

ലേഖകനെക്കുറിച്ച്:  തിരുവനന്തപുരത്തുള്ള ഭൗമശാസ്ത്രപഠനകേന്ദ്രത്തിൽ ശാസ്ത്രജ്ഞനായിരുന്നു ഡോ. ശശികുമാർ. അന്തരീക്ഷശാസ്ത്രത്തിൽ, വിശേഷിച്ചു് കാലാവസ്ഥാവ്യതിയാനത്തിൽ കഴിഞ്ഞ ഒരു ദശകത്തിലധികമായി നിരന്തരം ലേഖനങ്ങൾ ഏഴുതുന്നു. കുട്ടികളുടെയും പൊതുജനങ്ങളുടെയും ഇടയിൽ ശാസ്ത്രം,  സ്വതന്ത്ര സോഫ്റ്റ്‍വെയർ എന്നിവ പ്രചരിപ്പിക്കുന്നതിൽ കഴിഞ്ഞ ഒരു ദശകത്തിലധികമായി പ്രവർത്തിക്കുന്നു. ഡോ. ശശികുമാറിനെ sasi.cess@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.