കേരളത്തില്‍ പ്രാദേശിക വികസന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍

കേരളത്തില്‍ നിലവിലുള്ള ഡേറ്റാ സംവിധാനങ്ങള്‍ പ്രാദേശിക തലത്തിലുള്ള വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വേണ്ടത്ര ഉപയുക്തമല്ല. നിലവിലുള്ള പ്രധാനപ്പെട്ട ഡേറ്റാ സ്രോതസ്സുകളെയും പ്രാദേശിക വികസന റിപ്പോര്‍ട്ടുകള്‍ക്ക് അനിവാര്യമായ ചില വിവരങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതോടൊപ്പം ശാസ്ത്രീയമായ രീതിയില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉതകുന്ന ചില പ്രായോഗികമായ നിര്‍ദ്ദേശങ്ങളും ഈ ലേഖനത്തില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. 

ഡോ. കൃഷ്ണകുമാര്‍ സി.എസ്.

A man on a boat in a backwater, Coconut trees and bushes can be seen at the background. THe man wears a lavender coloured umbrella-hat.
Hans A. Rosbach [CC BY-SA (https://creativecommons.org/licenses/by-sa/3.0)]

വികസന പദ്ധതികള്‍ ശരിയായ രീതിയില്‍ ആസൂത്രണം ചെയ്യുന്നതില്‍ ദേശീയവും പ്രാദേശികവുമായി നിര്‍മ്മിക്കുന്ന വികസന റിപ്പോര്‍ട്ടുകള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. വികസന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ വസ്തുനിഷ്ടവും ശാസ്ത്രീയവുമായ രീതിയില്‍ നിര്‍മ്മിക്കുന്നതിന് സത്യസന്ധമായ വസ്തുതകളുടെ വിശകലനം ആവശ്യമാണ്. ആസൂത്രണങ്ങളില്‍ പലപ്പോഴും ഉണ്ടാകാറുള്ള പിഴവുകള്‍ക്കുള്ള ഒരു കാരണം മിക്കപ്പോഴും തെറ്റായ വിവരങ്ങളുടെ സാന്നിദ്ധ്യമോ അല്ലെങ്കില്‍ പ്രധാനപ്പെട്ട വസ്തുകളുടെ അഭാവമോ ആണ്. ഇന്ത്യയിലെ സാമൂഹികവും വിദ്യാഭ്യാസപരവുമായി മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ വികസനറിപ്പോര്‍ട്ടുകള്‍ ശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കുന്നതിന് ഗവേഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വസ്തുതകളുടെ അഭാവം ആണ്.

കേരളത്തില്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും അനവധി വികസന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അന്താരാഷ്ട വികസന പദ്ധതിയുടെ ധനസഹായത്തോടെ തിരുവനന്തപുരത്തെ ഗവേഷണസ്ഥാപനമായ സി. ഡി. എസ്. തയ്യാറാക്കിയ മാനവവികസന റിപ്പോര്‍ട്ട് 2005 (Kerala Human Development Report 2005), കേരള സ്റ്റേറ്റ് ഡവലപ്പ്മെന്‍റ് റിപ്പോര്‍ട്ട് (Kerala State Development Report), എന്നിവ സംസ്ഥാനതലത്തില്‍ നിര്‍മ്മിക്കപ്പെട്ട വികസനറിപ്പോര്‍ട്ടുകളില്‍ പ്രധാനപ്പെട്ടവയാണ്. ജില്ലാതലത്തില്‍ തയ്യാറാക്കപ്പെട്ട വികസനറിപ്പോര്‍ട്ടുകളില്‍ എറ്റവും ഒടുവിലത്തേത് യൂ. എന്‍ സഹായത്തോടുകൂടി സംസ്ഥാന ആസൂത്രണ ബോര്‍ഡ് വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ കോട്ടയം, വയനാട്, എറണാകുളം, കണ്ണൂര്‍ എന്നീ ജില്ലകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ജില്ലാമാനവ വികസനറിപ്പോര്‍ട്ടുകളാണ്. 

അധികാര വികേന്ദ്രീകരണത്തിന്‍റെ ഫലമായി പഞ്ചായത്തുകള്‍ വികസനത്തിന്‍റെ അടിസ്ഥാന യൂണിറ്റ് ആയി മാറിയ സാഹചര്യത്തിലാണ് പഞ്ചായത്ത് മാനവ വികസന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെട്ടത്. കേരളത്തില്‍ ഒരു പ്രാഥമിക പഠനമായി  (A pilot study) സി.ഡി.എസ്. കൊട്ടത്തറ പഞ്ചായത്ത് മാനവ വികസന റിപ്പോര്‍ട്ട് തയ്യാറാക്കി. തുടര്‍ന്ന് ഒരു മോഡല്‍ റിപ്പോര്‍ട്ട് എന്ന രീതിയില്‍ സി. ഡി. എസ്. തന്നെ മാടപ്പള്ളി ഗ്രാമ പഞ്ചായത്ത് മാനവ വികസന റിപ്പോര്‍ട്ട് 2009 തയ്യാറാക്കി. 

ജനകീയ ആസൂത്രണ പദ്ധതിയുടെ ആദ്യത്തെ ഘട്ടത്തില്‍ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും തദ്ദേശീയരായ ഒരു കൂട്ടം ഗവേഷകരുടെ സഹായത്തോടുകൂടി പഞ്ചായത്ത് വികസന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് കൂടുതലും പ്രസിദ്ധീകരിച്ചത് 1996 കാലങ്ങളിലായിരുന്നു. ഇന്നു പഞ്ചായത്തു തലത്തില്‍ ലഭ്യമായ പഠനങ്ങളില്‍ ഏറെ വസ്തുനിഷ്ഠവും ഗവേഷണ വിധേയമായതും ഈ റിപ്പോര്‍ട്ടുകളാണ്. പഞ്ചായത്തിന്‍റെ ചരിത്രപരവും പാരിസ്ഥിതികവുമായ വസ്തുതകളെ കൂടാതെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വിവരങ്ങളും ഈ റിപ്പോർ ട്ടുകള്‍ പ്രതിപാദിക്കുന്നുണ്ട്.

വാര്‍ഷിക പദ്ധതിയുടെ ഭാഗമമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വികസനരേഖ എന്ന പേരില്‍ ഒരു ഡോക്കുമെന്‍റ് പ്രസിദ്ധീകരിക്കാറുണ്ട്. ഈ ഡോക്കുമെന്‍റുകള്‍ ഗവേഷകര്‍ക്ക് ആ വര്‍ഷങ്ങളിലെ പരിമിതമായ കാര്യങ്ങളെ കുറിച്ച് അറിയാന്‍ സാധിക്കുമെങ്കിലും അത് പ്രദേശികതലത്തിലെ സമഗ്രമായ വികസനറിപ്പോര്‍ട്ടുകളല്ല.

പ്രാദേശികതലത്തില്‍ വികസനറിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. വേണ്ടത്ര വിവരങ്ങളുടെ അഭാവമാണ് ഇതിനുള്ള കാരണങ്ങളില്‍ മുഖ്യം. ഗ്രാമതലത്തില്‍ ലഭ്യമായ വിവരങ്ങളും വികസന റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ചില വിവരങ്ങളുടെ അഭാവങ്ങളുമെന്താണെന്ന് നമുക്ക് നോക്കാം.

പ്രാദേശിക തലത്തില്‍ ലഭ്യമായ വിവരങ്ങള്‍

പ്രാദേശികമായ റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ക്ക് ഗവേഷകര്‍ ഇപ്പോള്‍ എറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഗ്രാമപഞ്ചായത്ത് ഓഫീസ്സുകളെയാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പഞ്ചായത്തുകള്‍ ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കാറുണ്ട്. ഇവ കൂടാതെ പഞ്ചായത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി തദ്ദേശീയ സ്ഥാപനങ്ങളും അവരവരുടെ പ്രവര്‍ത്തനങ്ങളോടനുബദ്ധിച്ച് പല വിവരങ്ങളും ശേഖരിക്കാറുണ്ട്. ഇവയെല്ലാം പ്രാദേശിക വികസന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് ഒഴിച്ചുകൂടാനാവാത്തവയാണ്.

കേരളത്തില്‍ വികസനത്തിന് അവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രദേശിക തലത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്  പ്രാഥമിക അരോഗ്യകേന്ദ്രം/Primary Health Centre (ആള്‍ക്കാരുടെയും പ്രധാന രോഗവിവരങ്ങള്‍, രോഗികളുടെ പ്രായം, ലിംഗപദവി , മാതൃശിശു സംരക്ഷണത്തിന്‍റെ വിവരങ്ങള്‍, കുടുംബാസൂത്രണമാര്‍ഗ്ഗങ്ങളുടെ ഉപയോഗം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍) അംഗനവാടി/Anganwadi(നാലു വയസ്സുവരെയുള്ള കുട്ടികളുടെ പരിരക്ഷയെകുറിച്ചും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ പോഷക ആഹാര രീതികളും പൊതുവായ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍, പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന പല മാതൃ ശിശു പദ്ധതികളുടെ വിവരങ്ങള്‍), കൃഷി ഭവന്‍/Krishi Bhavan (പ്രാദേശിക തലത്തില്‍ ഉപയോഗിക്കുന്ന വിത്തുകളുടെയും വളങ്ങളുടെയും വിവരങ്ങള്‍, ഭൂവിനിയോഗം, മണ്ണിനെ കുറിച്ചുള്ള വിവരങ്ങള്‍, ജലസേചനം, ഇന്‍ഷുറന്‍സ്, വിവിധ കാര്‍ഷിക ബോണസ്സ്, കീടങ്ങളുടെയും കീടനാശിനികളുടെയും വിവരങ്ങള്‍, ജൈവവള ഉല്‍പാദനം, വിവിധ കൃഷി രീതികള്‍), വെറ്റിനറി ഹോസ്പിറ്റല്‍/Vetenary Hospitals (പഞ്ചായത്തിലെ കന്നുകാലികളുടെ എണ്ണം (Livestock population), രോഗവിവരങ്ങള്‍),  വില്ലേജ് ആഫീസ് (Village Office), കുടുംബ ശ്രീ ആഫീസ്/ Kudumbashree Office (പല പഞ്ചായത്തുകളിലും വനിത ക്ഷേമകാര്യഫണ്ട്/women’s component plan fund ചിലവഴിക്കുന്നത് കുടുംബ ശ്രീയുടെ സഹായത്തോടെയാണ്.) എന്നിവ.

ഇവ കൂടാതെ, പാല്‍ സൊസൈറ്റി/Milk Societies (പാല്‍ സംഭരണം, വിതരണം, പാലിന് കര്‍ഷര്‍ക്ക് ലഭിക്കുന്ന വില, കന്നുകാലിത്തീറ്റ വിതരണം, പാല്‍ സൊസൈറ്റിയില്‍ ഉള്ള അംഗങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, വ്യക്തികള്‍ക്കും കന്നുകാലികള്‍ക്കുമുള്ള ഇൻഷുറൻസ്, പുല്‍കൃഷി സഹായം, കര്‍ഷക പെന്‍ഷന്‍, കാലിത്തീറ്റ സബ്സിഡി), ജാതി-മതസംഘടനകള്‍ (ആള്‍ക്കാരുടെ ഉന്നമനത്തിനായി മൈക്രാഫൈനാന്‍സുകള്‍ തുടങ്ങിയിട്ടുണ്ട്), രാഷ്ട്രീയ സംഘടനകള്‍ (Political Organisations) തുടങ്ങിയവയും ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്.

മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കൂടാതെ ഗവണ്‍മെന്‍റ് തലത്തില്‍ ശേഖരിക്കുന്ന ചില വിവരങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനമായത്, കേന്ദ്രഗവണ്‍മെന്‍റിന്‍റെ പത്തുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സെന്‍സസ് (Census), കേരള ഗവണ്‍മെന്‍റിന്‍റെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പഞ്ചായത്ത് ലവല്‍ സ്റ്റാറ്റിസ്റ്റിക്സ് (Panchayat Level Statistics), ഗവണ്‍മെന്‍റ് സ്ഥാപനമായ കില പ്രസിദ്ധികരികരിച്ച ഡിസ്ട്രിക്ട് ഹാന്‍ബുക്ക് എന്നിവയാണ്.

ചുരുക്കത്തില്‍, പ്രാദേശിക തലത്തില്‍ ഒട്ടേറെ വിവര ശ്രോതസ്സുകള്‍ കേരളത്തിലുണ്ട്. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റിതരസ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. പക്ഷേ പ്രാദേശിക വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുവേണ്ടിയുള്ള വസ്തുതകള്‍ ശേഖരിച്ച് സൂക്ഷിച്ചു വയ്ക്കാവുന്ന ഡേറ്റ വെയര്‍ ഹൗസ് സംവിധാനം സംസ്ഥാനത്ത് ഇന്ന് നിലവിലില്ല. സര്‍ക്കാരിതര ഏജന്‍സികള്‍ ശേഖരിക്കുന്ന വസ്തുതകള്‍ സംയോജിപ്പിക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ തോന്നാമെങ്കിലും സര്‍ക്കാര്‍ സംവിധാനത്തിലൂടെ ശേഖരിക്കുന്നവയ്ക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ താരതമ്യേന കുറവാണ്.

വിവിധ ശ്രോതസ്സുകളില്‍ ഒട്ടേറെ വിവരങ്ങള്‍ ശേഖരിക്കുന്നെങ്കിലും ഇവയില്‍ ഭൂരിഭാഗവും വേണ്ടത്ര ഗുണനിലവാരം പുലര്‍ത്താത്തവയാണ്. പലപ്പോഴും എതെങ്കിലും ഒരു പ്രത്യേക കാര്യത്തിനു വേണ്ടിയായിരിക്കും ഇത്തരത്തിലുള്ളവ കൂടുതലും നിര്‍മ്മിക്കപ്പെടുന്നത്. അവയുടെ ഉപയോഗത്തിനുശേഷം പിന്നീടവ ശാസ്ത്രീയമായ രീതിയില്‍ സൂക്ഷിച്ചുവയ്ക്കുകയോ മറ്റു പ്രാദേശിക വികസനപ്രക്രീയകള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യുന്നില്ല.  മറ്റൊന്ന്, വികസന റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിനാവിശ്യമായ ചില വികസന സൂചകങ്ങള്‍ കാലകാലങ്ങളില്‍ തുടര്‍ച്ചയായി ശേഖരിച്ചാല്‍ മാത്രമേ (ടൈം സീരീസ് ഡേറ്റാ നിര്‍മ്മാണം) വികസനത്തിലെ മാറ്റങ്ങള്‍ എത്രത്തോളമുണ്ടെന്ന് അറിയാന്‍ കഴിയുകയുള്ളൂ. ഇന്ന് ചില സൂചകങ്ങള്‍ പല കാലയളവില്‍ ശേഖരിക്കുന്നെങ്കിലും വ്യത്യസ്ഥമായ രീതിയില്‍(വ്യത്യസ്തമായ നിര്‍വചനങ്ങള്‍ ഉപയോഗിച്ച്) ശേഖരിക്കുന്നതിനാല്‍ അവ താരതമ്യം ചെയ്യാന്‍ സാദ്ധ്യമല്ല.

വിവരങ്ങളുടെ അഭാവം

കേരളത്തില്‍ പ്രാദേശിക വികസന റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളില്‍ പ്രഥമമായത് ശരിയായ വസ്തുതകളുടെ അഭാവമാണ്. കേരളത്തില്‍ നിലവിലുള്ള ഡേറ്റാ സംവിധാനങ്ങള്‍ മിക്കതും ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനായിട്ടാണ് ശേഖരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അവ പ്രാദേശിക  തലത്തിലുള്ള വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വേണ്ടത്ര ഉപയുക്തമല്ല. പ്രാദേശിക വികസന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നമ്പോള്‍ ചില മേഖലകളില്‍(വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, ജെന്‍ഡര്‍, ഭരണ നിര്‍വ്വഹണം) കണ്ടുവരുന്ന ഏതാനും വിവരങ്ങളുടെ അഭാവങ്ങളെന്തെന്ന് നോക്കാം.

വിദ്യാഭ്യാസ മേഖലയില്‍ പഠനത്തിന്‍റെ ഗുണനിലവാരം, പഠനചെലവുകള്‍, അദ്ധ്യാപകരുടെ വിദ്യാഭ്യാസ നിലവാരം തുടങ്ങിയ കാര്യങ്ങള്‍ പ്രാദേശിക തലത്തില്‍ ശേഖരിക്കുന്നില്ല. അതുപോലെ തന്നെ എതെല്ലാം സാമൂഹികസാമ്പത്തിക  സാഹചര്യത്തില്‍ ഉള്ള കുട്ടികളാണ് സ്കൂളുകളില്‍ പഠിക്കുന്നതെന്നും, അവരുടെ യാത്ര സൗകര്യങ്ങള്‍, സാമ്പത്തിക  ബുദ്ധിമുട്ടുകള്‍, ആരോഗ്യം, രോഗങ്ങള്‍, മറ്റ് പഠനവൈകല്യങ്ങള്‍ തുടങ്ങിയവയെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമല്ല.

ആര്യോഗ്യമേഖലയിലാണെങ്കില്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട അസുഖങ്ങളുടെ നിരക്ക്, അവയുടെ വിതരണ രീതി, ഏതു തരം ആള്‍ക്കാര്‍ക്കാണ് കൂടുതല്‍ അസുഖങ്ങള്‍, തുടങ്ങിയ പല കാര്യങ്ങളും  ലഭ്യമല്ല. പല സ്ഥലങ്ങളിലും ആള്‍ക്കാര്‍ കുടുതലും പ്രൈവറ്റ് ഹോസ്പിറ്റലുകളെയാണ് കൂടുതലും ആരോഗ്യ പരിരക്ഷയ്ക്കായി ആശ്രയിക്കുന്നത്. ഇത്തരം ആശുപത്രികളുടെ ഗുണനിലവാരവും സൗകര്യങ്ങളെയും കുറിച്ച് കുടുതല്‍ വിവരങ്ങള്‍ ആവശ്യമാണ് .  പഞ്ചായത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി ഹൈല്‍ത്ത് സെന്‍റര്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ മിക്കപ്പോഴും പഞ്ചായത്തിന്‍റെ മുഴുവന്‍ ആരോഗ്യസ്വഭാവത്തെ വെളിപ്പെടുത്തുന്നില്ല. ഇതിനു കാരണം പല പഞ്ചായത്തുകളിലും പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ സ്ഥിതിചെയ്യുന്നത് പഞ്ചായത്തിന്‍റെ അതിര്‍ത്തിയിലായതിനാല്‍ തൊട്ടടുത്ത പഞ്ചായത്തിലെ ആള്‍ക്കാരാകും സെന്‍ററിന്‍റെ പ്രയോജനം പൂര്‍ണ്ണമായി ഉപയോഗിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പഞ്ചായത്തിനെ ആസ്പദമാക്കി വികസനറിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് ശ്രമകരമായ ദൗത്യം തന്നെ.

അതുപോലെ, സാമൂഹിക സാമ്പത്തിക ആസൂത്രണ പദ്ധതികളില്‍ ദാരിദ്രനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ദാരിദ്ര നിര്‍മ്മാര്‍ജനം കൂടുതല്‍ എളുപ്പത്തിലാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ കുടുംബങ്ങളെ എ.പി.എല്‍, ബി.പി.എല്‍ എന്നിങ്ങനെ രണ്ടായി തരം  തിരിച്ചിട്ടുണ്ട്. തരം തിരിച്ചതിലെ അപാകതകളെ കുറിച്ച് ഒട്ടേറെ വിമര്‍ശനങ്ങള്‍ നിലവിലുണ്ട്. വിമര്‍ശനങ്ങളില്‍ കുറെ ശരിയാണെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ നിലവിലുള്ള ദാരിദ്രരേഖയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ആസൂത്രണപ്രക്രീയകള്‍ക്ക് വേണ്ടത്ര അനിയോജ്യമല്ല.

ഇന്ന് നിലവിലുള്ള പല അടിസ്ഥാനവിവരങ്ങളും  ലിംഗനീതി കാഴ്ചപ്പാടിലൂടെ ശേഖരിക്കപ്പെട്ടവയല്ല. അതു കൊണ്ടു തന്നെ പഞ്ചായത്തിന്‍റെ ആസൂത്രണ പ്രക്രീയകളില്‍ എറ്റവും ശാസ്ത്രീയമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിക്കാത്ത മേഖലകളിലൊന്നായി ഇതിനെ കണക്കാക്കാം. വികസ റിപ്പോര്‍ട്ടുകള്‍ ലിംഗനീതി കാഴ്ചപ്പാടിലൂടെ നിര്‍മ്മിക്കപ്പെടുന്പോള്‍ സ്ത്രീ പുരുഷന്‍മാര്‍ തങ്ങളുടെ കുടുംബത്തിനകത്തും പുറത്തും എന്തൊക്കെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതും അത് എത്രത്തോളമുണ്ടെന്നതും അറിയേണ്ടത് ആവശ്യമാണ്. അതുപോലെ തന്നെ പ്രദേശികതലത്തിലുള്ള ആള്‍ക്കാര്‍ എത്രത്തോളം സമയം ഏതെല്ലാം കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെടുന്നുവെന്നതും അതിന് സമൂഹികനിര്‍മ്മിതമായ അതിര്‍വരമ്പുകളെത്രത്തോളം തടസ്സം നില്‍ക്കുന്നുവോ എന്നതും പ്രധാനമാണ്. അതുപോലെ കല്യാണചിലവുകള്‍, സ്ത്രീധനം, സ്ത്രീസ്വാതന്ത്രം, തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നില്ല.

തദ്ദേശീയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ജനങ്ങള്‍ക്ക് തൃപ്തികരം, സേവനങ്ങളുടെ കാര്യക്ഷമത, ഗുണനിലവാരം എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. മറ്റൊന്ന് ജനങ്ങളുടെ ഭരണത്തെകുറിച്ചുള്ള കാഴ്ചപ്പാടുകളാണ്. ഇതും ശാസ്ത്രീയമായ രീതിയില്‍ ശേഖരിക്കേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണം, കുടിവെള്ള സംരക്ഷണം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളില്‍ കാലാകാലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിച്ചുവരുന്ന നിലപാടുകളും അവയുടെ അടിസ്ഥാനകാരണങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ ശേഖരിക്കുന്നില്ല. 

ചുരുക്കത്തില്‍ വസ്തുതകളുടെ അഭാവവും ഒപ്പം നിലവിലുള്ള വസ്തുതകളുടെ ശേഖരണവും ക്രോഡീകരണവും സംരക്ഷണവും പ്രാദേശികതലത്തില്‍ വേണ്ടവിധം നടക്കാത്തത് പ്രാദേശിക വികസന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ഗവേഷകര്‍ക്ക് ഒരു വെല്ലുവിളിയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ പൂര്‍ണ്ണമായും ഉപയുക്തമാക്കിയ ഭരണ സംവിധാനങ്ങള്‍ പ്രശ്നപരിഹാരങ്ങളിലുള്‍പ്പെടുന്നു. അതിനാവിശ്യമായ സത്വരനടപടികള്‍ അമാന്തിച്ചു കൂടാത്തതാണ്. എല്ലാ പ്രദേശിക വികസന മേഖലകളിലേയും വസ്തുതകള്‍ ശേഖരിക്കുന്നതിനും അവയെ ശരിയായ രീതിയില്‍ സംരക്ഷിച്ച് വിശകലനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തരത്തിലുള്ള സമഗ്രമായ വിവര  ശേഖരണസംവിധാനം പഞ്ചായത്തുതലത്തില്‍ തന്നെ നിലവില്‍ വരേണ്ടതുണ്ട്.

വിവരസാങ്കേതിക വിദ്യ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി പഞ്ചായത്തുകളും തദ്ദേശീയങ്ങളായ സ്കൂളുകളും കോളേജുകളും തമ്മില്‍ ബദ്ധിപ്പിച്ച് പഠനത്തിന്‍റെ ഭാഗമായി വികസന പ്രക്രീയകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുന്നതും പ്രായോഗികരമായ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. അതാത് സ്ഥലങ്ങളിലെ വിവരങ്ങള്‍ പഠനത്തിനായി ഉപയോഗിക്കുന്നത് കുട്ടികളില്‍ വികസന കാഴ്ചപ്പാടുകള്‍ വളര്‍ന്നു വരുന്നതിന് സഹായകരമാകും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടുകള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ കണ്ടെത്തേണ്ടതുണ്ട്.

റഫറന്‍സ്

  • കേരള സര്‍ക്കാര്‍ (2008) മാനവ വികസന റിപ്പോര്‍ട്ട് 2005, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, തിരുവനന്തപുരം.
  • Government of Kerala (2009) District Human Development Report Kottayam, HDRC Unit, Kerala State Planning Board, Thiruvananthapuram.
  • Government of Kerala (2009) District Human Development Report Wayanad, HDRC Unit, Kerala State Planning Board, Thiruvananthapuram.
  • Government of Kerala (2009) Kottathara Panchayat Human Development Report 2009, HDRC Unit, Kerala State Planning Board, Thiruvananthapuram.
  • Government of Kerala (2009) Madappally Panchayat Human Development Report 2009, HDRC Unit, Kerala State Planning Board, Thiruvananthapuram.

About the Author: Krishnakumar C.S. PhD is Director at the Institute of Development Research, Thiruvananthapuram. His areas of specialisation are demography of health, institutional economics, ageing and migration. He can be reached at krishnaidr@gmail.com

Please follow and like us:

One comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.