തൊഴില്‍പ്പരീക്ഷകളും ഭാഷയും

ലിന്റോ ഫ്രാന്‍സീസ് ഏ.

 

ഭാഷാ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സംസ്ഥാനമാണ് കേരളം.  അത്യാവശ്യഘട്ടത്തില്‍ അറിവും ആശയങ്ങളും പങ്കുവെച്ചുകൊണ്ട് ഒരേ ഭാഷയിൽ ജീവിക്കുന്നവർ  നടത്തിയ അതിജീവനശ്രമമാണ്  വിദ്യാഭ്യാസപ്രവർത്തനങ്ങളായും സാമൂഹ്യപരിഷ്കരണശ്രമങ്ങളായും കേരളത്തിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യന്‍ ദേശീയത എന്നു പറയുന്നതു തന്നെ ഇത്തരത്തില്‍ അതിജീവനത്തിനുവേണ്ടി നടത്തിയ ഐക്യപ്പെടലുകളുടെ ആകത്തുകയാണ്.

ജനതയൂടെ നിലനില്‍പ്പും അവരുടെ ഭാഷയുമായുള്ള ബന്ധം അക്കാലത്തുതന്നെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് നൂറ്റമ്പതു കൊല്ലം മുന്‍പ് ജോര്‍ജ് മാത്തനും നൂറു കൊല്ലം മുന്‍പ് ഏ. ആര്‍. രാജരാജവര്‍മ്മയും നാട്ടുഭാഷയ്ക്ക് വിദ്യാഭ്യാസത്തിലും ഭരണത്തിലും നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം നടത്തിയത്. നാട്ടുഭാഷയ്ക്ക് വേണ്ടിയുള്ള അവരുടെ പരിശ്രമം കേവലം പ്രസംഗത്തില്‍ ഒതുങ്ങിനിന്നില്ല എന്നതിന്റെ തെളിവാണ് മലയാളഭാഷയെക്കുറിച്ച് ഉണ്ടായിട്ടുള്ള ഏറ്റവും ആഴത്തിലുള്ള പഠനങ്ങളായ ‘മലയാഴ്മയുടെ വ്യാകരണം’, ‘കേരളപാണിനീയം’ എന്നീ വ്യാകരണഗ്രന്ഥങ്ങള്‍. നാട്ടിലെ ഏറ്റവും അടിസ്ഥാനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ച ഗുണ്ടര്‍ട്ടിനെപ്പോലുള്ള വിദേശമിഷണറിമാരും സ്വദേശാഭിമാനിയെപ്പോലുള്ള സാമൂഹ്യപ്രവർത്തകരും ഭാഷയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. സംസ്ഥാനരൂപീകരണത്തിനു ശേഷവും ജനജീവിതത്തില്‍ നടത്തുന്ന ഏതുതരം ഇടപെടലും ജനങ്ങളുടെ ഭാഷയെക്കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം. എന്ന ചിന്ത നിലനിന്നിരുന്നു. നമ്മുടെ ആദ്യമുഖ്യമന്ത്രിയായ ഇ.എം.എസ്സിന് ഈ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ടായിരുന്നു. കേരളത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകത്തിന്റെ പേര് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്നാണ്. 1957 -ല്‍ തന്നെ കേരളത്തിലെ ഭരണഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച ആലോചനകള്‍ക്കായി കോമാട്ടില്‍ അച്യുതമേനോന്‍ അധ്യക്ഷനായി കമ്മറ്റി രൂപീകരിക്കുകയുണ്ടായി. 1958 -ല്‍ കമ്മറ്റി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് 1969 -ല്‍ കേരളത്തിലെ ഭരണഭാഷ മലയാളമാക്കുന്ന ആക്ട് നിയമസഭ പാസ്സാക്കി. 1987 -ല്‍ കേരളത്തിലെ കോടതിനടപടികള്‍ മലയാളത്തിലാക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ജസ്റ്റിസ് കെ. കെ. നരേന്ദ്രന്‍ കമ്മറ്റി റിപ്പോര്‍‍ട്ട് നിലവില്‍ വന്നു. എന്നാല്‍ വിദ്യാഭ്യാസരംഗത്ത് പത്താംക്ലാസ്സ് വരെ മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് 2011 -ല്‍ മാത്രമാണ് നിലവില്‍ വന്നത്. ഈ നിയമങ്ങള്‍ എല്ലാം ചേര്‍ത്തുകൊണ്ട്  2015-ല്‍ ഡിസംബര്‍ 17 -ന് സമഗ്രമാതൃഭാഷാനിയമവും പാസ്സാക്കി. ഈ നിയമം ശരിയായ രീതിയില്‍ നടപ്പില്‍ വരുത്തുന്ന കാര്യത്തില്‍ ഇനിയും ഒരുപാടു ദൂരം മുന്നോട്ടുപോകേണ്ടതായിട്ടും ഉണ്ട്.

ഭാഷയും വിദ്യാഭ്യാസവും

വിദ്യാഭ്യാസവും ഭരണവും ജനങ്ങളുടെ ഭാഷയില്‍ ആവുന്നതിന്റെ പ്രയോജനം ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ക്കാണ്. അന്യഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മെക്കാളെയുടെ മിനുട്സില്‍ പറയുന്നതു പോലെ ഏറ്റവും ഉപരിവര്‍ഗ്ഗത്തിലുള്ള ആളുകള്‍ക്കേ പ്രയോജനം ചെയ്യൂ. താഴത്തെ തട്ടുകളിലേക്ക് അറിവ് വ്യാപിക്കുവാന്‍ അത് മാതൃഭാഷയിലൂടെ പ്രദാനം ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് മാതൃഭാഷാവിദ്യാഭ്യാസം എന്നത് സമൂഹത്തിലെ ഏറ്റവും അടിസ്ഥാനവിഭാഗങ്ങളുടെ ഉന്നമനം ആണ് വലിയൊരളവില്‍ സാധ്യമാക്കുന്നത് (അതുകൊണ്ടുള്ള മറ്റുപ്രയോജനങ്ങള്‍ നിരവധിയാണെങ്കിലും). വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥം പൂര്‍ത്തിയാകണമെങ്കില്‍ അത് മാതൃഭാഷയിലൂടെ നല്‍കുന്നതായിരിക്കണം എന്നാണ് ഗാന്ധിജിയടക്കമുള്ള വിദ്യാഭ്യാസചിന്തകരെല്ലാം പറഞ്ഞിട്ടുള്ളത്.

എന്തായാലും സമൂഹത്തിലെ ഏതവസ്ഥയിലുള്ള വ്യക്തിക്കും ആധുനികശാസ്ത്രവികാസത്തിന്റെയും ചിന്തയുടെയും പ്രയോജനങ്ങള്‍ ലഭിക്കുന്നതിനും പല നിലകളിലുള്ള തൊഴിലുകളിലും പദവികളിലും പ്രവേശിച്ച് സമൂഹത്തിന് സേവനം ചെയ്യുന്നതിനും അവസരമുണ്ടാക്കുന്നു എന്നതാണ് ആധുനികവിദ്യാഭ്യാസത്തിന്റെ ഏറ്റവുംവലിയ പ്രയോജനം. അത്  ജാതി, മതം, ലിംഗം, വംശം തുടങ്ങിയ വേര്‍തിരിവുകളില്‍ നിന്നും മനുഷ്യനെ മോചിപ്പിച്ച് സാമൂഹികമായ പദവികളില്‍ തുല്യ അവകാശം ഉറപ്പുവരുത്തുന്നു. അതോടൊപ്പം ഓരോ സവിശേഷ പ്രവൃത്തിമേഘലയിലും കഴിവും അഭിരുചിയും ഉള്ളയാളുകളുടെ സേവനം സമൂഹത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു.  വിദ്യാഭ്യാസത്തിന്റെ ഈ ലക്ഷ്യം പൂര്‍ത്തിയാകണമെങ്കില്‍ അത് മാതൃഭാഷയില്‍ ഉള്ളതാകണം. അതുകൊണ്ടാണ് പൊതുവിദ്യാഭ്യാസസംരക്ഷണം മാതൃഭാഷാവിദ്യാഭ്യാസസംരക്ഷണം ആകണമെന്നു പറയുന്നത്. കേരളത്തിലെ ജനങ്ങള്‍ പൊതുവായി പങ്കിടുന്നത് ഇവിടുത്തെ ഭാഷ മാത്രമാണല്ലോ. എന്നാല്‍ സര്‍ക്കാര്‍ പൊതുവിദ്യാലയസംരക്ഷണയജ്ഞം പ്രഖ്യാപിച്ചതിനു ശേഷം നിലവിലുണ്ടായിരുന്ന മലയാളം മാധ്യമമായ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ കൂടി ക്ലാസ്സുകള്‍ വലിയ തോതില്‍  ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളും തീരുമാനങ്ങളും ഒരു വഴിക്കും അവയുടെ നടപ്പാക്കല്‍ മറ്റൊരു വഴിക്കും ആകുന്നതിന്റെ ഉദാഹരണമാകാമിത്.

ഭാഷയും ഭരണവും

സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുതാര്യത എക്കാലത്തും എല്ലാ നാടുകളിലും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഭരണസംവിധാനങ്ങള്‍ സുതാര്യമാകേണ്ടതും മുഴുവന്‍ ജനങ്ങള്‍ക്കും പ്രാപ്യമാവേണ്ടതും ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമായി നിറവേറുന്നതിന് അത്യാവശ്യമായ കാര്യമാണ്. സുതാര്യതയും പ്രാപ്യതയും, ഈ രണ്ടു കാര്യങ്ങളും പ്രധാനമായും ഭരണനടപടികള്‍ ഏതു ഭാഷയില്‍ നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.  അപേക്ഷയും മറുപടിയും ബില്ലുകളും രശീതുകളും രജിസ്റ്ററുകളും വിനിമയം ചെയ്യുന്നത് ജനങ്ങളുടെ ഭാഷയില്‍ ആയാല്‍ അവയില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടക്കാനുള്ള സാധ്യത തീര്‍ച്ചയായും കുറയും. സര്‍ക്കാര്‍ ഓഫീസുകള്‍ ജനങ്ങള്‍ക്ക് ആശ്വാസകേന്ദ്രങ്ങളാകുന്നതിനു പകരം ഭയത്തോടെ സമീപിക്കേണ്ട സ്ഥലങ്ങളാകുന്നതിനും  ഭാഷയുണ്ടാക്കുന്ന ഈ വെല്ലുവിളി തന്നെയാണ് പ്രധാനകാരണം. മനസ്സിലാകുന്ന ഭാഷയിലായാല്‍ത്തന്നെ സര്‍ക്കാര്‍ ഫയലുകളുടെയും അപേക്ഷകളുയെയും ഔദ്യോഗികസ്വഭാവം തന്നെ സാധാരണക്കാരായ ജനങ്ങളെ അകറ്റിനിര്‍ത്തുന്നതാണ്. തങ്ങളുടേതല്ലാത്ത  ഭാഷയില്‍ കൈകാര്യം ചെയ്യുന്നതോടെ   ജനങ്ങളെ നിശ്ശബ്ദരാക്കുകയാണ്  ഭരണസംവിധാനം ഒന്നാമതായി ചെയ്യുന്നത്.  മറ്റൊന്ന്, തങ്ങള്‍ക്കറിയാത്ത ഭാഷയില്‍ വിനിമയം ചെയ്യുന്ന സ്ഥലം, ഭരണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ പ്രത്യേകിച്ചും തങ്ങളുടേതല്ലാത്തതും തങ്ങള്‍ക്ക് യാതൊരധികാരവുമില്ലാത്തതുമായ ഒരന്യസ്ഥലമായാണ് അനുഭവപ്പെടുക. അതുകൊണ്ടുതന്നെ ഭരണസംവിധാനം പ്രവര്‍ത്തിക്കുന്നത് ഏതു ഭാഷയിലാണെന്നത്  ജനാധിപത്യഭരണത്തില്‍  വളരെ നിര്‍ണ്ണായകമായ കാര്യമാണ്.

ഭരണഭാഷയുടെ കാര്യത്തില്‍ കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷങ്ങളായി കുറെ മാറ്റങ്ങള്‍ കാണുന്നുണ്ട്.  പല വകുപ്പുകളിലേയും അപേക്ഷകളും രസീതുകളും മലയാളത്തിലേക്ക് മാറിയിട്ടുണ്ട്. എങ്കിലും ഒരുപാടു മാറ്റങ്ങള്‍ ഇനിയും വരാനുണ്ട്. സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ മിക്കതും മലയാളത്തിലല്ല എന്നതുകൊണ്ട് അക്ഷയ കേന്ദ്രങ്ങളില്‍ കൊടുക്കേണ്ട അപേക്ഷകള്‍ കൂടി ഇംഗ്ലീഷില്‍ പൂരിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. സാങ്കേതികവിദ്യ കൂടുതലായി പ്രാദേശികഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന അവസരത്തിലാണ് ഇത് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. എന്തായാലും സാങ്കേതികവിദ്യ അനുകൂലമായതിനാല്‍ ജനങ്ങളുടെ ഇച്ഛാശക്തിക്കനുസരിച്ച് കാര്യങ്ങള്‍ വേഗത്തില്‍ ശരിയാകുമെന്ന്  പ്രതീക്ഷിക്കാം.

ഭാഷയും തൊഴില്‍പ്പരീക്ഷകളും

മേൽപ്പറഞ്ഞ ജനാധിപത്യതാത്പര്യങ്ങളെ അവഗണിക്കിുന്നതാണ് നിലവില്‍ കേരളത്തിലെ പി എസ് സി യുടെ നടപടിക്രമം. ബിരുദം മുതല്‍ യോഗ്യതയാവശ്യപ്പെടുന്ന തൊഴില്‍പ്പരീക്ഷകള്‍ക്ക് ഇംഗ്ലീഷില്‍ മാത്രമാണ് ചോദ്യങ്ങള്‍ നല്‍കുന്നത്. ഐ എ എസ് അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ പരീക്ഷകള്‍ മലയാളത്തിലും എഴുതാം എന്നിരിക്കെയാണ് ഇത്. കേരളത്തില്‍ മലയാളികളായ സാധാരണക്കാര്‍ക്കു സേവനം ചെയ്യേണ്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിന് ഇംഗ്ലീഷില്‍ പരീക്ഷ നടത്തുന്ന വിചിത്രമായ കാര്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉത്തരമെഴുതാനെടുക്കുന്ന സമയം വലിയൊരു മാനദണ്ഡമായ പി എസ് സി പരീക്ഷകളില്‍ ഇംഗ്ലീഷില്‍ മാത്രം ചോദ്യങ്ങള്‍ നല്‍കുന്നത് മലയാളം മാധ്യമമായി പഠിച്ച കുട്ടികളെ പിന്നോട്ടു തള്ളുന്നതിനാണ് സഹായിക്കുക. ഗണിതയുക്തി പരിശോധനയിലും മാനസികശേഷി പരിശോധനയിലുമടക്കം പല മേഘലകളിലും മുന്നിലെത്താന്‍ സാധ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യം വായിച്ചു മനസ്സിലാക്കാന്‍ എടുക്കുന്ന സമയക്കൂടുതല്‍ കൊണ്ടു മാത്രം പിന്‍തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചോദ്യങ്ങളുടെ ഉദ്ദേശശുദ്ധിയെത്തന്നെ ഇല്ലാതാക്കുന്ന മട്ടിലാണ് അതിന്റെ ഭാഷ ഉദ്യോഗാര്‍ത്ഥിയോടു പെരുമാറുന്നത്. ഇംഗ്ലീഷ്മീ‍ഡിയത്തില്‍ പഠിച്ചിറങ്ങുന്ന കുട്ടികളെ സഹായിക്കുകയും മലയാളത്തില്‍ പഠിച്ചിറങ്ങുന്ന സാധാരണക്കാരുടെ മക്കളെ പിന്‍തള്ളുകയും ചെയ്യുന്ന മട്ടില്‍ നടത്തുന്ന പരീക്ഷകള്‍ ജനാധിപത്യത്തിനും നീതിക്കും എതിരാണ്.

അതിനേക്കാള്‍ ഗുരുതരമായി മറ്റൊരു പ്രശ്നം കൂടി ഇതില്‍ അടങ്ങിയിട്ടുണ്ട്. വേഗത്തില്‍ ഇംഗ്ലീഷ് വായിക്കാന്‍ കഴിയുന്നവരെ തെരഞ്ഞെടുക്കുക വഴി കാര്യക്ഷമമായി ജോലി ചെയ്യാന്‍ ശേഷിയുള്ള മികച്ച ഉദ്യോഗസ്ഥരുടെ സേവനം നാടിനു ലഭ്യമാക്കാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു എന്നതാണത്. മികച്ച പ്രവര്‍ത്തനശേഷിയുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകുന്നത് ഏറ്റവും അത്യാവശ്യക്കാരായ ആളുകള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് സഹായകമാവുകയാണ് ചെയ്യുക.

മലയാളം നിര്‍ബന്ധമായും പഠിച്ചിരിക്കണം എന്നു നിയമം വന്നിട്ടുണ്ടെങ്കിലും അതു ശരിയായ രീതിയില്‍ നടപ്പില്‍ വരാന്‍ ഇനിയും സമയമെടുക്കും. നിലവില്‍ കേരളത്തിലുള്ള സാഹചര്യം അനുസരിച്ച്  ഇംഗ്ലീഷ്മീഡിയത്തില്‍ ചേരുന്ന ഒരാള്‍ക്ക്  മലയാളം ഒട്ടും പഠിക്കാതെ തന്നെ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കാം. ഇങ്ങനെ ജനങ്ങളുടെ ഭാഷ പഠിക്കാന്‍ തയ്യാറല്ലാത്തവര്‍ എങ്ങനെ അവരുടെ പ്രശ്നങ്ങള്‍ കേട്ടും വായിച്ചും മനസ്സിലാക്കിയും ചര്‍ച്ച ചെയ്തും പ്രശ്നപരിഹാരം കാണും എന്നതാണ് മറ്റൊരു ഗുരുതരപ്രശ്നം.

ഈയവസരത്തില്‍ അടിയന്തരശ്രദ്ധ പതിയേണ്ട ചില കാര്യങ്ങളുണ്ട്. പൊതുവിദ്യാഭ്യാസസംരക്ഷണം എന്നത്  മാതൃഭാഷാമാധ്യമപൊതുവിദ്യാഭ്യാസസംരക്ഷണം ആയി മനസ്സിലാക്കിക്കൊണ്ടു വേണം സംരക്ഷണം തുടരാന്‍. സാമൂഹികസന്ദര്‍ഭവും ജീവിതപരിസരവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിദ്യാഭ്യാസം മാത്രമെ പൊതു ആവുകയുള്ളൂ. രണ്ട്, എല്ലാ മേഘലയിലുമുള്ള തൊഴില്‍പ്പരീക്ഷകള്‍ മലയാളത്തില്‍ കൂടി ചോദ്യങ്ങള്‍ നല്‍കിക്കൊണ്ട് നടത്തുക. അതിലൂടെ എല്ലാ വിഭാഗത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഒരേ രീതിയില്‍ അവസരം ലഭിക്കുകയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഭരണനിര്‍വ്വഹണം നടത്താന്‍ സാധിക്കുകയും ചെയ്യും. കേരളത്തിലെ ഔദ്യോഗികഭാഷയുടെ കാര്യത്തില്‍ തീരുമാനമാകാന്‍ ബഹുജന പ്രക്ഷോഭം തന്നെ വേണ്ടിവരുമെന്ന് പറഞ്ഞത് ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ് തന്നെയാണ്.  ഈ വിഷയത്തില്‍ ഒന്നിലധികം തവണ പി എസ് സിക്കു മുന്നില്‍ സമരങ്ങളും അധികാരികളുമായി ചര്‍ച്ചകളും നടന്നിട്ടുള്ളതാണ്. വൈകാതെ തന്നെ  അധികാരികള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍‍ കഴിയുമെന്ന് പ്രത്യാശിക്കാം.

(ലേഖകൻ  തൃശൂർ ശ്രീ കേരളവർമ്മ കോളേജ് മലയാള വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നു. ഭാഷാപഠനങ്ങളെയും കോളനീകരണത്തെയും കുറിച്ച് ആണ് ഗവേഷണം.)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.