അഗസ്ത്യായനം

ശ്രീ സായിബാബു പശ്ചിമഘട്ടത്തിലെ അഗസ്ത്യകൂട മലയെക്കുറിച്ചുള്ള യാത്രാനുഭവം വായനക്കാരുമായി പങ്കുവെക്കുന്നു.

സായിബാബു

അഗസ്ത്യ കൊടുമുടി

കേരളം പശ്ചിമഘട്ട മലനിരകളാൽ സമ്പന്നമായ ഒരു സംസ്ഥാനമാണ്. പകുതിയിലേറെ ഭാഗവും തിങ്ങി നിറഞ്ഞു കിടക്കുന്ന വനസമ്പത്തും, കുത്തനെയുള്ള മലനിരകളും ആ സമ്പത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. തെക്ക് തിരുവനന്തപുരത്തിനും തിരുനെൽവേലി-കന്യാകുമാരി ജില്ലകൾക്കുമെല്ലാം പൊതുവായി ആണ് പശ്ചിമഘട്ടം ആരംഭിക്കുന്നത്. ആ ഭാഗത്തിനെ പൊതുവായി അഗസ്ത്യവനം എന്ന് പലയിടത്തും വിശേഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ തന്നെ ഉയരം കൂടിയ രണ്ടാമത്തെ പർവതം സ്ഥിതി ചെയ്യുന്നത് ഈ ഇടത്താണ്.

അഗസ്ത്യാർകൂടം എന്നും അഗസ്ത്യമല എന്നും പല പേരുകളിലായി ഇതറിയപ്പെടുന്നു. 6129 അടി (1868 മീറ്റർ) യോളം ഉയരമുള്ള അഗസ്ത്യാർകൂടം നെയ്യാർ വന്യജീവി സങ്കേതത്തിനുള്ളിൽ ആണ് നിലകൊള്ളുന്നത്. വന്യജീവികളാലും, വൈവിധ്യാമാർന്ന സസ്യ സമ്പത്തിനാലും സമ്പുഷ്ടമായ അഗസ്ത്യാർകൂടം കഴിഞ്ഞ കുറെ വർഷങ്ങളായി പ്രസിദ്ധിയാർജ്ജിക്കുന്നത് കേരള വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന യാത്രകളിലൂടെയാണ്.

സീസൺ

എല്ലാ വർഷവും ജനുവരി ആദ്യത്തെ ആഴ്ച മുതൽ മാർച്ച് (ശിവരാത്രി) വരെയാണ് ഈ ട്രെക്കിങ്ങ് നടത്തുന്നത്. ഒരു ദിവസം നൂറ് പേരെയാണ് മുകളിലേക്ക് കയറ്റി വിടുന്നത്. സുമാർ ഇരുപത്തഞ്ചു കിലോമീറ്ററോളം നീളുന്ന ഈ വനയാത്രയിൽ സുഗമവും ദുർഘടവുമായി നീളുന്ന നീണ്ട പാതകളാണുള്ളത്. തിരുവനന്തപുരത്തു നിന്നും പൊന്മുടി പോകുന്ന വഴിയിൽ വിതുര ബസ്റ്റാന്റിന്‌ സമീപത്തുള്ള തേവിയോട് എന്ന പ്രദേശത്തു നിന്ന് വലത്തേക്ക് തിരിഞ്ഞു ബോണക്കാട് പോകുന്ന വഴിയാണ് ഈ യാത്ര. ബോണക്കാടിൽ വനംവകുപ്പിന്റെ പ്രവേശന കേന്ദ്രമുണ്ട്. കർശനമായ പരിശോധനകൾക്കു ശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. മദ്യം, പ്ലാസ്റ്റിക് തുടങ്ങിയ ഒന്നും തന്നെ അനുവദനീയമല്ല.

ഒറ്റയടി പാതകൾ

രണ്ടു ദിവസത്തോളം നീണ്ടു നില്കുന്ന ഈ യാത്രയുടെ ആദ്യ ദിനം അനായാസമായ യാത്രയാണ്. നീണ്ടു കിടക്കുന്ന ഒറ്റയടി മൺപാത കാടിനുള്ളിലേക്കുള്ള യാത്ര സുഗമമാക്കുന്നു. വനംവകുപ്പിന്റെ പ്രത്യേകം പരിശീലനം ലഭിച്ച ഗൈഡുകൾ കൂടെ ഉണ്ടാകും. ഏതു സമയത്തും വന്യജീവികളുടെ സാന്നിധ്യവും ആക്രമണവും ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഗൈഡുകളുടെ നിർദേശം അനുസരിച്ചു മാത്രമേ വനത്തിൽ യാത്ര ചെയ്യാവു.

ഓരോ വഴിയും പലതായി പിരിഞ്ഞു പോകും. അതിനാൽ വനംവകുപ്പ് പാറകളിലും മറ്റും വെളുത്ത പെയിന്റ്‌ കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്ന അടയാളങ്ങൾ പിന്തുടരുന്നതായിരിക്കും നന്ന്. ആദ്യ ദിനം ഉദ്ദേശം 16 കിലോമീറ്ററോളം നടക്കേണ്ടതായി ഉണ്ട്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട നദികളായ കരമനയാറു, വാമനപുരം ആറ് എന്നിവയും, തമിഴ്‌നാട്ടിലെ താമ്രപർണ്ണിയാറും ഉത്ഭവിക്കുന്നത് അഗസ്ത്യാർകൂട മലനിരകളിൽ നിന്നാണ്. ഈ ഉത്ഭവങ്ങളിൽ ചിലതു ആദ്യ ദിന യാത്രയിൽ കാണാനാവുന്നതാണ്. നിശ്ചിതമായ ദൂരങ്ങളിൽ വനസംരക്ഷണ സമിതി ഗൈഡുകളുടെ താത്കാലിക കൂടാരങ്ങൾ കാണാനാവും.

പച്ചപ്പും പ്രകൃതിയും കണ്ടു ശുദ്ധവായും ശ്വസിച്ചുള്ള ഈ യാത്ര വളരെ രസകരമാണ്. അട്ടയാർ എന്ന പ്രധാനപ്പെട്ട താത്കാലിക വിശ്രമകേന്ദ്രം കഴിഞ്ഞാൽ കുത്തനെയുള്ള പുൽമേടുകൾ ആരംഭിക്കുന്നു. ഏഴുമടക്കുമല, മുട്ടിടിച്ചാൻമല, ഏസി കാട്, തുടങ്ങിയ പല വിശേഷണങ്ങളും തുടർന്നങ്ങോട്ടുള്ള കാടുകൾക്കുണ്ട്. എല്ലാ പ്രദേശത്തും മൃഗങ്ങളുടെ സാന്നിധ്യം അറിയാനാവുന്നതാണ്.

വന്യജീവി ഫോട്ടോഗ്രാഫർമാരുടെ  പ്രിയപ്പെട്ട സ്ഥലമാണ് അഗസ്ത്യാർകൂടം. മാൻ, മ്ലാവ്, കാട്ടുപോത്ത്, കരടി, തുടങ്ങിയ പല മൃഗങ്ങളെയും ഇവിടെ കാണാനാവും. രാവിലെ തുടങ്ങുന്ന യാത്ര ഉച്ചകഴിയുമ്പോഴേക്കും അതിരുമല എന്ന ക്യാമ്പിൽ എത്തുന്നതാണ്. ഉച്ചക്ക് ശേഷം മുകളിലേക്കുള്ള യാത്ര അനുവദനീയമല്ല. വിശാലമായ ഷെഡ്ഡുകളും, ശുദ്ധജലവും, വനംവകുപ്പിന്റെ ഭക്ഷണകേന്ദ്രവും എല്ലാം ചേർന്ന ഇടത്താണ് അതിരുമല. ആദ്യദിവസം അവിടെ തങ്ങിയതിനു ശേഷം അടുത്ത ദിവസം മാത്രമേ യാത്ര തുടരാനാകു. ഇവിടെ നിന്നും അഗസ്ത്യാർകൂടത്തിന്റെ മനോഹരമായ കാഴ്ച കാണാനാവുന്നതാണ്.

വിശ്രമത്തിനു ശേഷം അടുത്ത പ്രഭാതത്തിൽ യാത്ര വീണ്ടും ആരംഭിക്കുന്നു. അവിടെ നിന്നും മുകളിലേക്കുള്ള യാത്ര അതി കഠിനമാണ്. ചെങ്കുത്തായ പാറകളും, കയറിൽ തൂങ്ങി കയറേണ്ട ഇടങ്ങളും കൊണ്ട് പ്രയാസമേറിയാണ് തുടർന്നങ്ങോട്ടേക്കുള്ളത്. കായിക ശേഷി ഏറെ ഉള്ളവർക്ക് മാത്രമേ ഈ ഇടം താണ്ടി മുന്നേറാനാകു എന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ഏറ്റവും മുകളിൽ അഗസ്ത്യമുനിയുടെ ഒരു പ്രതിമ സ്ഥാപിച്ചിരിക്കുന്നതായി കാണാം. തമിഴ് വിശ്വാസ പ്രകാരം അഗസ്ത്യമുനിയുടെ വാസസ്ഥലവുമാണ് ഈ ഇടം എന്നും രാമായണകാലത്തു ശ്രീരാമനും സംഘവും എല്ലാം ഈ പർവ്വതത്തിലെത്തി അഗസ്ത്യമുനിയുടെ അനുഗ്രഹം വാങ്ങി മലയിറങ്ങി ശ്രീലങ്കയിലേക്ക് പോയി എന്നുമാണ്.

മുകളിൽ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ

വൈദ്യരംഗം

ആയുർവേദ-സിദ്ധ വൈദ്യന്മാരുടെയും തമിഴ് പുരോഹിതന്മാരുടെയും നിത്യസന്ദർശനയിടമാണ് അഗസ്ത്യാർകൂടം. പണ്ട് ഔഷധ നിർമാണത്തിനായി പലയിനം ചെടികളും ഇവിടെ നിന്ന് കൊണ്ട് പോയിരുന്നു എങ്കിലും ഇന്ന് അതെല്ലാം നിയമത്താൽ നിർത്തി വെച്ചിരിക്കുന്നു. ഏറ്റവും ഉയരത്തിലെ പാറയിൽ നിന്നാൽ നെയ്യാർഡാം, കരമനയാർ, പേപ്പാറ തമിഴ്‌നാട്ടിലെ അംബാസമുദ്രപട്ടണം തുടങ്ങിയവയെല്ലാം കാണാനാവുന്നതാണ്.

സഹ്യമലനിരകൾ മുഴുവനും ഒരു ചിത്രം വരച്ചിട്ടിരിക്കുന്ന പോലെ തോന്നിപ്പിക്കും. നല്ല ശക്തിയിൽ വീശുന്ന കാറ്റും വെയിലും പെട്ടെന്ന് തന്നെ തിരികെയിറക്കും എന്ന് പറയുന്നതാവും ശെരി. പ്രകൃത്യാ തന്നെ ബോൺസായ് രീതിയിൽ ഉയരം വയ്ക്കാതെ വളരുന്ന വളരെ ഏറെ മരങ്ങൾ ഈ ഇടങ്ങളിൽ നിൽക്കുന്നത് കാണാനാവും. പ്രകൃതിയുടെ എല്ലാത്തരത്തിലും ഉള്ള ജൈവ പ്രതിഭാസങ്ങളും അഗസ്ത്യാർകൂടത്തിൽ കാണാവുന്നതാണ്. ഇത്തരത്തിലുള്ള വളരെ ഏറെ സവിശേഷതകൾ ഉള്ളത് കൊണ്ടാണ് 2016-ൽ    യുനെസ്കോ അഗസ്ത്യാർകൂടത്തെ ലോകപൈതൃക കാടുകളിൽ ഒന്നായി പ്രഖ്യാപിച്ചത്.

കേരളത്തിലെ തന്നെ ഒരു പ്രധാന ആവാസവ്യവസ്ഥയായി ഈ മലനിരകൾ നിലകൊള്ളുന്നു. പലരോഗങ്ങൾക്കും ഔഷധമായ ആരോഗ്യപ്പച്ച കണ്ടെത്തിയതും അഗസ്ത്യാർകൂട മലനിരകളിൽ നിന്നാണ്. 2017 വരെ പതിനെട്ടു വയസുകഴിഞ്ഞ പുരുഷന്മാർക്ക് മാത്രമായിരുന്നു കേരളവനം വകുപ്പ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ 2018ലെ  ശബരിമലയെ സംബന്ധിച്ചുള്ള കോടതി ഉത്തരവിന് ശേഷം ഈ വർഷം മുതൽ അഗസ്ത്യാര്കൂടത്തിലേക്കും സ്ത്രീപ്രവേശനം അനുവദിച്ചു. ആദിവാസിഗോത്രവർഗ സഭകളുടെ എതിർപ്പുണ്ടായിരുന്നെങ്കിലും ആദ്യ ദിനത്തിൽ തന്നെ ധന്യ സനൽ എന്ന യുവതി അഗസ്ത്യാർകൂടം കയറുകയുണ്ടായി. നൂറോളം സ്ത്രീകൾ അഗസ്ത്യാർകൂടം യാത്രക്കായി രജിസ്റ്റർ ചെയ്യുകയുമുണ്ടായി.

കായികശേഷിയും മനഃസാന്നിധ്യവും പൂർണമായും വേണ്ട ഒന്നാണ് അഗസ്ത്യാർകൂട യാത്ര. മണ്ണിനെയും മരങ്ങളെയും തൊട്ടു പ്രകൃതിയുടെ ഹൃദയത്തിലേക്കുള്ള ഒരു പ്രയാണം. ആ യാത്രയിൽ പാലിക്കേണ്ട ചില മര്യാദകൾ കൂടി രേഖപ്പെടുത്തുന്നു. അതിൽ ആദ്യത്തേത് പ്ലാസ്റ്റിക്കിനെക്കുറിച്ചു തന്നെയാണ്. കഴിവതും പ്ലാസ്റ്റിക് വസ്തുക്കൾ കാട്ടിലേക്ക് കൊണ്ട് പോകാതിരിക്കുക. രണ്ടാമത്തേത് വന്യജീവികളെ ഉപദ്രവിക്കാതിരിക്കുക. ഇങ്ങനെ സംരക്ഷിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിച്ചു അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യേണ്ട ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. ഓരോ അഗസ്ത്യാർകൂട യാത്രയും ഓരോ ഓർമ്മപ്പെടുത്തൽ കൂടിയാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും നാളെക്കായി  ഈ ജൈവ സമ്പത്ത് കരുതിവെക്കേണ്ടതിന്റെയും.

ലേഖകൻ: ശ്രി സായിബാബു തിരുവനന്തപുരത്തുള്ള സെന്റർ ഫോർ ഡെവലൊപ്മെന്റ് സ്റ്റഡീസിൽ അറ്റൻഡന്റായി പ്രവർത്തിക്കുന്നു. ഒഴിവു സമയങ്ങളിൽ യാത്രകളിലും, ഫോട്ടോഗ്രാഫിയിലും വ്യാപ്തനാകുന്നു. 4 പുസ്തകങ്ങളും, ഒട്ടനവധി ലേഖനങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.