കാലാവസ്ഥ വ്യതിയാനം: കേരളത്തിലെ ചുഴലിക്കാറ്റ് ദുരന്ത സാധ്യത വിശകലനം

കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ കൂടുതൽ ചുഴലിക്കാറ്റുകൾ സൃഷ്ടിക്കുമോ? ദുരന്തനിവാരണ ഗവേഷകനായ ഫഹദ് മർസൂക്ക് സാധ്യതകൾ പരിശോധിക്കുന്നു.

ഫഹദ് മർസൂക്ക്

A satellite image of a hurricane over the ocean.
Image credit: “Hurricane Lee 2017 09 27” by anttilipponen, CC BY 2.0

‘കാലാവസ്ഥ വ്യതിയാനം’ എന്നത് മലയാളി സമൂഹം കൗതുകത്തോടെ വായിച്ചിരുന്ന അന്താരഷ്ട്ര ഉച്ചകോടികളിലെ സംവാദ വിഷയമെന്നതിൽ നിന്ന് മാറി നമ്മുടെ ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു യാഥാർഥ്യമായിരിക്കുകയാണ്. കലാവസ്ഥ വ്യതിയാനം മൂലമുണ്ടാകാനിടയുള്ള തീവ്ര ദിനാന്തരീക്ഷാവസ്ഥകൾക്കും, തീവ്ര സ്വഭാവമുള്ള കാലാവസ്ഥ പ്രതിഭാസങ്ങൾക്കും (Extreme Weather Events) കേരളവും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു. 2016 ലെ വരൾച്ചയും ഉഷ്‌ണതരംഗവും, 2017 ലെ ഓഖി ചുഴലിക്കാറ്റും 2018 ലും 2019 ലുമെത്തിയ അതിതീവ്ര മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളുമെല്ലാം കേരളത്തിനത്ര പരിചിതമായ പ്രകൃതി പ്രതിഭാസങ്ങളായിരുന്നില്ല. കാലാവസ്ഥ വ്യതിയാനത്തിൻറെ കാലഘട്ടത്തിൽ ഭൂമിയിലൊരിടവും സുരക്ഷിതമല്ലെന്ന് പറയുന്നത് അന്വർത്ഥമാക്കുന്ന രീതിയിൽ താരതമ്യേന സുരക്ഷിതവും സുന്ദരവുമായിരുന്ന നമ്മുടെ കാലാവസ്ഥയിലും മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്.

ഭൂമിയിലെ ശരാശരി അന്തരീക്ഷ താപനില കഴിഞ്ഞ നൂറ്റാണ്ടിൽ 0.9 ഡിഗ്രി സെൽഷ്യസ്  ഉയർന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിൽ തന്നെ വലിയ തീവ്രമായ ചൂട് അനുഭവപ്പെട്ടത് കഴിഞ്ഞ 35 വർഷത്തിലാണ്. 2016 ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വർഷമായിരുന്നു. ആഗോള താപനത്തിൻറെയൊരു പ്രധാന അനന്തരഫലമായി കണക്കാക്കപ്പെടുന്നത് ക്രമേണയുള്ള സമുദ്രനിരപ്പുയരലാണ്. താപനിലയിലുണ്ടാകുന്ന വർദ്ധനവ് ഗ്രീൻലാൻഡിലെയും ഉഷ്ണമേഖലാ പർവതനിരകളിലെയും അന്റാർട്ടിക്കയിലേയും മഞ്ഞുരുകുന്ന സാഹചര്യമാണുണ്ടാക്കുന്നത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ 1993 മുതൽ 2016 വരെയുള്ള പഠനം വ്യക്തമാക്കുന്നത് ഗ്രീൻലാൻഡിൽ മാത്രം പ്രതിവർഷം 286 ബില്യൺ ടൺ ഐസ് ഉരുകിപ്പോയിട്ടുണ്ട് എന്നാണ്. അന്റാർട്ടിക്കയിലിത് പ്രതിവർഷം ശരാശരി 127 ബില്യൺ ടൺ ആണ്. കഴിഞ്ഞ പത്ത് വർഷത്തിൽ ഐസ് ഉരുകുന്നത് മൂന്നിരട്ടി വേഗതയിലായെന്നും പഠനം പറയുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം കൊണ്ട് ശരാശരി സമുദ്രനിരപ്പ് 20 cm ന് മുകളിലാണ് ഉയർന്നത്. ലോകത്തെ നിരവധി താഴ്ന്ന പ്രദേശങ്ങൾ ഇതിനോടകം തന്നെ വേലിയേറ്റ പരിധിയിലാവുകയും കടലെടുക്കുകയും ചെയ്ത് തുടങ്ങിയിട്ടുണ്ട്. 580 കിമീ ദൈർഘ്യമുള്ള ജനനിബിഡമായ കടൽതീരമുള്ള പ്രദേശമാണ് കേരളം. അമേരിക്കയിലെ ഒരു ഗവേഷക സംഘം 2019 ഒക്ടോബർ മാസം പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നത് അധികം വൈകാതെ കടലെടുത്ത് പോകുന്ന പ്രദേശങ്ങളിൽ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളും ഉൾപ്പെടുന്നുണ്ട് എന്നതാണ്.

അന്തരീക്ഷ താപനില ഉയരുന്നത് മൂലം സമുദ്രജലത്തിൻറെ ഊഷ്മാവും ക്രമാനുഗതമായി വർധിക്കും. കഴിഞ്ഞ 50 വർഷം കൊണ്ട് 700 മീറ്റർ വരെ ആഴത്തിലുള്ള സമുദ്രജലത്തിൻറെ ഊഷ്മാവ് ശരാശരി 0.5 ഡിഗ്രീ വരെ വർധിച്ചതായി നാസയുടെ പഠനങ്ങൾ പറയുന്നു. സമുദ്രോപരിതലത്തിൻറെ ഊഷ്മാവ് വർധിക്കുന്നത് കൂടുതൽ ചുഴലിക്കാറ്റുകൾ രൂപംകൊള്ളാനും, രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ തീവ്രത വർധിക്കാനുമിടയാക്കും. സാധാരണ നിലയിൽ കേരളം ചുഴലിക്കാറ്റിന്  സാധ്യത കൂടിയ ഒരു പ്രദേശമല്ലെങ്കിലും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ ഇവിടങ്ങളിൽ ചുഴലിക്കാറ്റ് ദുരന്ത സാധ്യത ഗൗരവകരമായ ശ്രദ്ധയർഹിക്കുന്നുണ്ട്.

അറബിക്കടലിൽ രൂപം കൊണ്ട് കേരളത്തിലേക്ക് പ്രവേശിക്കുന്ന ഒരു ചുഴലിക്കാറ്റിന്റെ ഹൈപോതെറ്റിക്കൽ സന്ദർഭം സങ്കൽപ്പിച്ച് കൊണ്ട് ഈ ലേഖനം വികസിപ്പിക്കാം.

ചുഴലിക്കാറ്റ് ദുരന്തമായി മാറുന്നതെങ്ങനെ?

കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളാണ് പൊതുവിൽ കൂടുതൽ അപകടകാരികളാവാറുള്ളത്. കടലിൽ രൂപം കൊണ്ട്‌ സമുദ്രോപരിതലത്തിലൂടെ സഞ്ചരിച്ച്  കരയിലേക്ക് പ്രവേശിക്കുന്ന ചുഴലിക്കാറ്റ് പൊതുവിൽ 3 തരം അപകടങ്ങൾ സൃഷ്ടിക്കാൻ കെല്പുള്ളവയാണ്.

അതിശക്തമായ കാറ്റ് മൂലമുള്ള അപകടങ്ങളാണ് അതിലൊന്ന്. മണിക്കൂറിൽ 100 മുതൽ 200 വരെ കിമീ വേഗതയിൽ ജനവാസ കേന്ദ്രത്തിലൂടെ കടന്നു പോകുന്ന കാറ്റ് സൃഷ്ടിക്കാനിടയുള്ള അപകടങ്ങൾ ഊഹിക്കാവുന്നതെ ഉള്ളു . മരങ്ങൾ കടപുഴകി വീണും, വൈദ്യുതി പോസ്റ്റുകൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ, വീടുകൾ, ആലകൾ, മറ്റ് നിർമിതികൾ എന്നിവ തകർന്നു വീണും അപകടങ്ങൾ സംഭവിക്കാം.  ചുഴലിക്കാറ്റുകൾ ഓരോ വർഷവും ഇന്ത്യയിൽ മാത്രം തന്നെ ഭവനരഹിതരാക്കുന്നത് ആയിരക്കണക്കിന് മനുഷ്യരെയാണ്.

കടലിൽ നിന്ന് കരയിലേക്ക് കാറ്റ് പ്രവേശിക്കുന്ന സമയത്തുണ്ടാക്കുന്ന storm surge ആണ് മറ്റൊരു വലിയ അപകടം. അതിശക്തമായ കാറ്റ് മൂലം സമുദ്രനിരപ്പ് ഉയരുകയും തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്യുന്ന അവസ്ഥയാണിത്. കടൽ കരയിലേക്ക് കയറിവരുന്ന പ്രതിഭാസമാണ് മറ്റൊന്ന്. രൂക്ഷമായ കടലാക്രമണവും തീരശോഷണവും (Coastal Erosion) തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കവും (Coastal flooding) ഇതുമൂലമുണ്ടാകും.

ഭീമാകാരമായ മഴമേഘങ്ങളെയും കൊണ്ട് വരുന്ന ചുഴലിക്കാറ്റ് കരയിൽ അതിതീവ്ര മഴ (extremely heavy rainfall) പെയ്യിക്കുക വഴിയുണ്ടാകുന്ന വെള്ളപ്പൊക്കവും മറ്റപകടങ്ങളുമാണ് മറ്റൊരു പ്രധാന ദുരന്ത സാധ്യത. പതിനായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ 1999 ലെ ഒഡിഷ സൂപ്പർ സൈക്ലോൺ സമയത്ത് 24 മണിക്കൂറിൽ ചില മഴമാപിനികളിൽ രേഖപ്പെടുത്തപ്പെട്ട മഴ 500 മിമീ നും മുകളിലാണ്. ചുരുക്കിപറഞ്ഞാൽ 2018 ലെ മഹാപ്രളയത്തിലേക്ക് കേരളത്തെ നയിച്ച മഴയേക്കാൾ അധികം മഴ! അതിതീവ്ര മഴ വലിയ പ്രളയങ്ങളും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും സൃഷ്ടിക്കും.

ജനസാന്ദ്രതയേറിയ കേരള തീരത്ത് രൂക്ഷമായ കടലാക്രമണവും കോസ്റ്റൽ ഫ്ലെഡിങ്ങും തീരശോഷണവും വലിയ അപകടമായിരിക്കും സൃഷ്ടിക്കുക. ഒരു പരിധിവരെ ശക്തമായ കാറ്റിനെ അതിജീവിക്കാൻ ശേഷിയുള്ള കെട്ടിട നിർമാണ രീതി അവലംബിക്കുന്ന സമൂഹമാണ് കേരളമെങ്കിലും മരങ്ങളും പോസ്റ്റുകളും ബോർഡുകളും തകർന്ന് വീണുള്ള അപകടങ്ങൾ ശക്തമായ മൺസൂൺ കാറ്റിൽ തന്നെ ധാരാളമായി സംഭവിക്കാറുണ്ടിവിടെ. അപ്പോൾ അതിശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിച്ചാലുള്ള സ്ഥിതിയെന്താകും? 

സാധാരണഗതിയിൽ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം വാർഷിക മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് കേരളം. പക്ഷെ വളരെ വീതി കുറഞ്ഞ (പലയിടത്തും ശരാശരി 50 കിമീ മാത്രമാണ് കേരളത്തിൻറെ തീരത്ത് നിന്ന് പശ്ചിമഘട്ടത്തിലേക്കുള്ള വീതി) നമ്മുടെ സംസ്ഥാനത്തിന് അതിതീവ്ര മഴയെ അതിജീവിക്കുക പ്രയാസമാണ്. മലയോരമേഖലയിൽ ഇത് ഉരുൾപ്പൊട്ടലുകൾക്കും മണ്ണിടിച്ചിലുകൾക്കും കാരണമാവുകയും നദികൾ കരകവിഞ്ഞൊഴുകിയും അല്ലാതെയും വലിയ പ്രളയം സൃഷ്ടിക്കപ്പെടുകയും ചെയ്യാം. മേഖലയിലെ ചുഴലിക്കാറ്റ് നിരീക്ഷണ സംവിധാനമായ റീജിയണൽ സ്പെഷ്യലൈസ്ഡ് മെറ്റിയോരോളജിക്കൽ സെന്റർ (RSMC) പുറപ്പെടുവിച്ച ഇന്ത്യയിലെ ചുഴലിക്കാറ്റ് ദുരന്ത സാധ്യത കൂടിയ ജില്ലകളുടെ പട്ടികയിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകൾ P-3 (Moderate സാധ്യത മാത്രമുള്ള) കാറ്റഗറിയിലും കാസറഗോഡ് എറണാകുളം ജില്ലകൾ P-4 (Less prone – സാധ്യത കുറഞ്ഞ ജില്ലകൾ) കാറ്റഗറിയിലുമാണ് പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ  ചുഴലിക്കാറ്റ് ബാധിക്കാനുള്ള സാധ്യത

ഇനി കേരളത്തെ ചുഴലിക്കാറ്റ് ദുരന്തം ബാധിക്കാനുള്ള സാധ്യതയൊന്ന് പരിശോധിക്കാം. നേരത്തെ തന്നെ പ്രതിപാദിച്ച കാലാവസ്ഥ വ്യതിയാനത്തിൻറെ കാലത്ത് ലോകത്തൊരിടവും പ്രകൃതി ദുരന്തങ്ങളിൽ നിന്ന് സുരക്ഷിതമാണെന്ന് പറയാൻ സാധ്യമല്ലെന്ന വസ്തുത മുൻനിർത്തി കൊണ്ട് തന്നെ ചരിത്രപരമായും, സാധാരണയുള്ള അന്തരീക്ഷ ചലനങ്ങളെയും പ്രതിഭാസങ്ങളെയും അടിസ്ഥാനമാക്കിയും മാത്രമുള്ള വിശകലനമാണിവിടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ 130 വർഷത്തെ ചരിത്രം പരിശോധിച്ചാൽ കേവലം 2 ചുഴലിക്കാറ്റുകൾ മാത്രമാണ് കേരളത്തിനകത്തേക്ക് പ്രവേശിച്ചതായി കാണുന്നത്. 1925 ലും 1932 ലും കേരളത്തിൽ ചുഴലിക്കാറ്റുകൾ തീരപതനം (ലാൻഡ്ഫാൾ) ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ (India Meteorological Department) റിപോർട്ടുകൾപറയുന്നത്. ഈ കാലയളവിൽ 300 ലധികം ചുഴലിക്കാറ്റുകൾ ഇന്ത്യൻ തീരത്ത് ലാൻഡ്ഫാൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് കൂടി പറയട്ടെ.

അതായത് ചുഴലിക്കാറ്റുകൾ കരയിലേക്ക് കയറാൻ പൊതുവെ  സാധ്യത കുറഞ്ഞ പ്രദേശമാണ് കേരളം. മേൽസൂചിപ്പിച്ച 130 വർഷത്തിൽ ഒരൊറ്റ ചുഴലിക്കാറ്റ് പോലും കരയിലേക്ക് കയറാത്ത ഒരു സംസ്ഥാനമാണ് നമ്മുടെ അയൽ സംസ്ഥാനമായ  കർണാടക. അതായത് ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരം ഇന്ത്യയുടെ മറ്റ് തീരങ്ങളെ അപേക്ഷിച്ച് ചുഴലിക്കാറ്റ് സാധ്യത കുറഞ്ഞ പ്രദേശമാണ്. ഈ കാലയളവിൽ കിഴക്കൻ തീരങ്ങളായ ഒഡീഷയിൽ നൂറോളംചുഴലിക്കാറ്റുകളും  ആന്ധ്രാപ്രദേശ് തീരത്തേക്ക് എൺപതോളം ചുഴലിക്കാറ്റുകളും പ്രവേശിച്ചതായും കാണുന്നു. ഇതിൻറെ കാരണങ്ങൾ പരിശോധിക്കുന്നതിന് മുന്നേ കടലുകളെ കുറിച്ച് ചിലത് പറയേണ്ടതുണ്ട്.

ചുഴലിക്കാറ്റ് രൂപം കൊള്ളാറുള്ള പ്രദേശങ്ങളും കാലവും

നോർത്ത് ഇന്ത്യൻ ഓഷ്യൻ (ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗം) എന്നത് അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവയാണെങ്കിലും ഇവ രണ്ടിന്റെയും സ്വഭാവത്തിൽ (characteristics) ധാരാളം വ്യത്യാസമുണ്ട്. അത് കൊണ്ട് തന്നെ ഇവയുടെ ഇടയിലായി സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ഈ സമുദ്രഭാഗങ്ങൾ വ്യത്യസ്തമായ രീതിയിലാണ് സ്വാധീനിക്കുന്നത്. സാധാരണയായി ചുഴലിക്കാറ്റുകൾ ഏറ്റവുമധികം രൂപംകൊള്ളുന്നത് ബംഗാൾ ഉൾക്കടലിലാണ്. താരതമ്യത്തിൽ ബംഗാൾ ഉൾക്കടൽ അറബിക്കടലിനേക്കാൾ ചൂട് കൂടിയ കടലാണ്. സമുദ്രോപരിതല ഊഷ്മാവ് ചുഴലിക്കാറ്റുണ്ടാകുന്നതിൽ നിർണായക ഘടകമാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ബംഗാൾ ഉൾക്കടലിനെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം ലോകത്തിലെ ഏറ്റവുമധികം ചുഴലിക്കാറ്റുകൾ (മൊത്തം രൂപപ്പെടുന്നതിന്റെ ഏകദേശം 35 %) രൂപം കൊള്ളുന്ന സമുദ്രഭാഗമായ വടക്ക്-പടിഞ്ഞാറൻ പസിഫിക്കുമായുള്ള അതിൻറെ ബന്ധവും സ്വാധീനവുമാണ്.  സാധാരണയായി രണ്ട് തരത്തിലാണ് ഇവിടെ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഒന്ന്, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലോ അതിനോട് ചേർന്നുള്ള ആൻഡമാൻ കടലിലോ ഉണ്ടാകുന്ന ന്യൂനമർദങ്ങൾ ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുക. മറ്റൊന്ന്, വടക്ക്-പടിഞ്ഞാറൻ പസിഫിക്ക് മഹാസമുദ്രത്തിൽ രൂപം കൊള്ളുന്ന ടൈഫൂണുകളുടെ ശേഷിപ്പുകൾ തെക്കൻ ചൈന കടൽ വഴി ബംഗാൾ ഉൾക്കടലിലെത്തുകയും അത് ശക്തിപ്രാപിച്ച് വലിയ സൈക്ലോണുകൾ ആയി മാറുകയും ചെയ്യുക.

ഒരു വർഷത്തിൽ ലോകത്ത്  ശരാശരി ഏകദേശം 80 ചുഴലിക്കാറ്റുകളാണ് രൂപപ്പെടാറുള്ളത്. വടക്കെ ഇന്ത്യൻ മഹാസമുദ്രത്തിൽ (അറബിക്കടലും ബംഗാൾ ഉൾക്കടലും ചേർത്ത്) ശരാശരി ഒരു വർഷത്തിൽ ഏകദേശം 5 ചുഴലിക്കാറ്റുകൾ രൂപപ്പെടാറുണ്ട്. സാധാരണ നിലയിൽ കൂടുതൽ ചുഴലിക്കാറ്റുകളും ബംഗാൾ ഉൾക്കടലിലാണ് രൂപം കൊള്ളാറുള്ളത്. ഏറ്റവുമധികം ചുഴലിക്കാറ്റുകൾ ഉണ്ടായിട്ടുള്ളത്  നവമ്പർ, മെയ് എന്നീ മാസങ്ങളിലാണ്. ഒക്ടോബർ-നവമ്പർ, മെയ്-ജൂൺ  സീസണുകളിലാണ് സാധാരണയായി തീവ്രത കൂടിയ ചുഴലിക്കാറ്റുകൾ രൂപപ്പെടാറുള്ളത്. തെക്ക് പടിഞ്ഞാറൻ മൺസൂൺ സജീവമായാൽ  (ഇടവപ്പാതി- ജൂലൈ മാസം മുതൽ സെപ്റ്റംബർ മാസം വരെ) പൊതുവെ വലിയ ചുഴലിക്കാറ്റുകൾ രൂപപ്പെടാറില്ല. ന്യൂനമർദ്ദങ്ങൾക്ക് ശക്തിപ്പെടാനുള്ള അനുകൂല സാഹചര്യം മൺസൂൺ കാറ്റിൻറെ പ്രഭാവം മൂലം നഷ്ടമാകുന്നതാണ് ഇതിന് കാരണം. മൺസൂൺ കാലത്ത് Vertical Wind Shear വളരെ കൂടുതലായിരിക്കും. ഇതാണ് ചുഴലിക്കാറ്റ് രൂപീകരണത്തിന് പ്രധാനമായും തടസ്സം നിൽക്കുന്ന ഘടകം.

കേരളത്തിൻറെ സുരക്ഷിതത്വത്തിന് പിന്നിൽ ചില സവിശേഷ ഘടകങ്ങളുണ്ടെന്നാണ് മനസ്സിലാക്കാനാവുന്നത്. ഭൂമധ്യരേഖയോട് ചേർന്ന് ചുഴലിക്കാറ്റുകൾ രൂപപ്പെടാറില്ല. ഉഷ്ണമേഖലയിൽ പൊതുവെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് വീശുന്ന കാറ്റാണ് (Easterly Winds) സജീവമായിരിക്കുക. അത് കൊണ്ട് തന്നെ സാധാരണ നിലക്ക് ചുഴലിക്കാറ്റുകളും കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ് സഞ്ചരിക്കാറുള്ളത്. ഉത്തരാർദ്ധഗോളത്തിൽ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്ന സിസ്റ്റങ്ങളെ കൊറിയോളിസ് ബലം വടക്കോട്ട് തിരിക്കും (സഞ്ചാര ദിശയിൽ നിന്ന് വലത്തോട്ട്). ഉത്തരാർദ്ധഗോളത്തിൽ ചുഴലിക്കാറ്റുകൾ സാധാരണ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാറാണ് പതിവ്. എന്നിരുന്നാലും Easterly winds ദുർബലമാകുന്ന സാഹചര്യങ്ങളുമുണ്ടാകാറുണ്ട്. ഇത്തരം സമയങ്ങളിൽ ചുഴലിക്കാറ്റുകൾ ദിശമാറി (re-curve) കിഴക്കോട്ടും സഞ്ചരിക്കാറുണ്ട്. അതായത് പൊതുവെ സമുദ്രങ്ങളുടെ പടിഞ്ഞാറൻ അതിരുകളിലുള്ള തീരങ്ങളിലാണ് ചുഴലിക്കാറ്റുകൾ പതിക്കാനുള്ള സാധ്യത കൂടുതൽ. അറബിക്കടലിന്റെ കിഴക്കൻ അതിരായ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരം ഇന്ത്യയുടെ കിഴക്കൻ തീരത്തെ അപേക്ഷിച്ച് താരതമ്യേന ചുഴലിക്കാറ്റ് ദുരന്തത്തിൽ സുരക്ഷിതമാകുന്നത് അത് കൊണ്ട്‌ കൂടിയാണ്. ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ അറ്റത്തുള്ള കേരളത്തിൻറെ ഭൂമിശാസ്ത്രപരമായ ഈ ഘടകങ്ങൾ കൂടിയാണ് തീരപതനത്തിൽ നിന്ന് സുരക്ഷയൊരുക്കുന്നത്.

എന്നാൽ, അന്തരീക്ഷത്തിലും കടലിലും രൂപപ്പെടുന്ന മറ്റ് പ്രതിഭാസങ്ങളും ചുഴലിക്കാറ്റുകളുടെ കാലം തെറ്റിയുള്ള രൂപീകരണത്തിനും തീവ്രസ്വഭാവങ്ങൾക്കും കാരണമാകാറുണ്ട്. സമുദ്രോപരിതല ഊഷ്മാവിൽ അസാധാരണമായി വരുന്ന താപവ്യതിയാനവും അതിനോടനുബന്ധിച്ച് രൂപപ്പെടുന്ന അന്തഃരീക്ഷ വായുവിൻറെ സർക്കുലേഷനിലെ മാറ്റങ്ങളും ചേർന്നുള്ള പ്രതിഭാസങ്ങളായ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ, എൽ നിനോ സതേൺ ഓസിലേഷൻ തുടങ്ങിയ പ്രതിഭാസങ്ങളും മാഡെൻ ജൂലിയൻ ഓസിലേഷനുമെല്ലാം ചുഴലിക്കാറ്റ് സീസണുകളെ സ്വാധീനിക്കാൻ പ്രാപ്തിയുള്ള ഘടകങ്ങളാണ്.

മുൻകാലങ്ങളെ അപേക്ഷിച്ച് അറബിക്കടലിൽ കൂടുതൽ തീവ്ര സ്വഭാവമുള്ള ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്ന സ്ഥിതിയാണ് അടുത്ത ചില വർഷങ്ങളിലായി കണ്ടു വരുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കിൽ തീർച്ചയായും കേരളം കൂടുതൽ കരുതലോടെ ചുഴലിക്കാറ്റുകളെ കാണേണ്ടി വരും.

കേരളമെങ്ങനെ പ്രതിരോധിക്കും?

സാറ്റലൈറ്റുകളും റഡാറുകളുമുൾപ്പെടെയുള്ള നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) ആണ് ഇന്ത്യയിൽ ചുഴലിക്കാറ്റുകളെ നിരീക്ഷിക്കുന്നതും പ്രതീക്ഷിക്കുന്ന സഞ്ചാരപഥം മുൻകൂട്ടി പ്രവചിക്കുന്നതും. 1999 ൽ പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് ചുഴലിക്കാറ്റുകൾ കരണമായിരുന്നതിൽ നിന്ന് മരണസംഖ്യ തീരെ കുറയ്ക്കാൻ മികച്ച സാങ്കേതിക വളർച്ചയും പ്രവചന കൃത്യതയും വഴി നമ്മുടെ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. കേരളത്തിലും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ രണ്ട് റഡാറുകൾ പ്രവർത്തിക്കുന്നുണ്ട്. ഒന്ന് കൊച്ചിയിലും മറ്റൊന്ന് തിരുവനന്തപുരത്തും. മലബാർ കേന്ദ്രീകരിച്ച് ഒരു റഡാർ കൂടി സ്ഥാപിക്കണം എന്ന് കേരള സർക്കാർ കേന്ദ്ര കാലാവസ്ഥ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2017 ൽ അപൂർവമായ സവിശേഷതകൾ കൂടി ഉണ്ടായിരുന്ന ഓഖി ചുഴലിക്കാറ്റ് (കാലാവസ്ഥ വകുപ്പിന്റെ വാർഷിക ചുഴലിക്കാറ്റ് റിപ്പോർട്ട്‌ പ്രകാരം) അറബിക്കടലിൽ അതിവേഗം ശക്തിപ്പെട്ട് കേരളത്തിൻറെ തീരത്തോട് ചേർന്നുള്ള കടലിലൂടെ കടന്ന് പോയപ്പോൾ മത്സ്യബന്ധനത്തിന് പോയിരുന്ന നമ്മുടെ മൽസ്യത്തൊഴിലാളികൾക്ക് വലിയ അപകടമുണ്ടായി. ഓഖി ദുരന്താനന്തരം കേരളത്തിലെ ചുഴലിക്കാറ്റ് പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ കേരള സർക്കാർ തീരുമാനിക്കുകയും ശ്രമകരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഓഖി ദുരന്തബാധിതരുടെ പുനരധിവാസത്തോടൊപ്പം തന്നെ കേരളത്തിൻറെ ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുമാണ് ഊന്നൽ നൽകിയത്.

ലോകബാങ്കിൻറെ സാമ്പത്തിക സഹായത്തോടെ ദേശീയ ചുഴലിക്കാറ്റ് ദുരന്ത ലഘൂകരണ-പ്രതിരോധ പ്രൊജക്റ്റ് (NCRMP) ഉപയോഗപ്പെടുത്തി കേരളത്തിൽ 18 സൈക്ലോൺ ഷെൽട്ടറുകൾ നിർമിച്ചു വരികയാണ്. ആദ്യത്തെ ഷെൽട്ടർ  ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് 2019 ഡിസംബർ മാസം ഉദ്‌ഘാടനത്തിനൊരുങ്ങുകയാണ്. ഒരു ദുരന്ത സാഹചര്യത്തിൽ ആയിരത്തോളം ആളുകൾക്ക് താമസിക്കാനുള്ള സൗകര്യത്തോട് കൂടിയാണ് ഷെൽട്ടർ ഒരുങ്ങുന്നത്. വലിയ ഹാളുകൾ, ശൗച്യാലയ സമുച്ഛയങ്ങൾ, അടുക്കള, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയവയടങ്ങിയതാണ് ഷെൽട്ടറുകൾ. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിലുള്ള കെട്ടിടത്തിൻറെ പരിപാലന ചുമതല പഞ്ചായത്തുകൾക്കായിരിക്കും. NCRMP ഉപയോഗപ്പെടുത്തിക്കൊണ്ട് ഏറ്റവും സമഗ്രമായ മുന്നറിയിപ്പ് സംവിധാനമൊരുക്കി (Early Warning System) വരികയാണ്. മൽസ്യത്തൊഴിലാളി ഗ്രാമങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലുമെല്ലാം കൃത്യസമയത്ത് മുന്നറിയിപ്പ് അതിവേഗം എത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇവ ഉപയോഗപ്പെടുത്താനുള്ളതും അല്ലാത്തതുമായ സുരക്ഷാ പരിശീലന പരിപാടികളും ഇതോടൊപ്പം തന്നെ നടക്കുന്നു.

കാലാവസ്ഥ വ്യതിയാനത്തിൻറെ പശ്ചാത്തലത്തിൽ അറബിക്കടലിൽ കൂടുതൽ ചുഴലിക്കാറ്റുകളും ന്യൂനമർദങ്ങളും രൂപപ്പെടാനുള്ള സാധ്യത കൂടുന്നുവെന്ന വിദഗ്ധരുടെ മുന്നറിയിപ്പിനെ കേരളം വളരെ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്.  മത്സ്യ തൊഴിലാളികൾക്ക് ആശയ വിനിമയ സൗകര്യങ്ങളൊരുക്കലാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൃത്യമായ മുന്നറിയിപ്പ് മത്സ്യ തൊഴിലാളികളിൽ എത്തിക്കുന്നതിന് വേണ്ടി ISRO യുടെ സാങ്കേതിക സഹായത്തോടെ ‘നാവിക്ക്’ ഉപകരണം വികസിപ്പിച്ചെടുത്തു. കരയിൽ നിന്ന് മുന്നറിയിപ്പ് ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യതൊഴിലാളികൾക്ക് ഉപഗ്രഹ സഹയാത്തോടെ എത്തിക്കാൻ ഈ ഉപകരണം വഴി സാധിക്കും. തിരിച്ച് മത്സ്യത്തൊഴിലാളി ആഴക്കടലിൽ കാണുന്ന അപകടം കരയിൽ സുരക്ഷാ സേനയെ കൂടി അറിയിക്കാൻ ഉതകുന്ന രീതിയിൽ ‘നാവിക്ക്’ പരിഷ്കരിക്കാൻ വേണ്ട ഗവേഷണം നടത്തി വരികയാണ്. കാറ്റിൻറെ വേഗതയേയും തിരമാലകളുടെ ഉയരത്തിൻറെയും അടിസ്ഥാനത്തിൽ  ഏതൊക്കെ തരം മത്സ്യബന്ധന ബോട്ടുകൾക്ക് കടലിൽ പോകാം എന്നതുൾപ്പെടെയുള്ള കൂടുതൽ മെച്ചപ്പെട്ട മുന്നറിയിപ്പ് രീതികളിലേക്ക് മാറാനുള്ള പഠനങ്ങളും ഗവേഷണങ്ങളും ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിൽ നടക്കുന്നു.  ലൈഫ് ജാക്കെറ്റുകളും മത്സ്യത്തൊഴിലാളികൾക്ക് ഉപഗ്രഹ ഫോണുകളും നൽകുന്ന പദ്ധതിയും ഫിഷെറീസ് വകുപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. കടലിൽ ഏകദേശം 150 നോട്ടിക്കൽ മൈൽ ദൂരം വരെയെങ്കിലും റേഡിയോ സിഗ്നലുകൾ ലഭ്യമാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽ പലരും ഇതുപയോഗിക്കുന്നവരുമാണ്. ഇത്തരം റേഡിയോകളെ ഉപയോഗിച്ച് കൊണ്ടുള്ള ആശയവിനിമയവും അടിയന്തര ഘട്ടങ്ങളിൽ ദുരന്ത നിവാരണ അതോറിറ്റി നടത്താറുണ്ട്.

രൂക്ഷമായിക്കൊണ്ടിരിക്കുന്ന കടലാക്രമണത്തെ ഇല്ലാതാക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്‌. കേരളത്തിന്റെ തീരപ്രദേശം ജനനിബിഢമാണെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചുവല്ലോ. അത് കൊണ്ട്‌ തന്നെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതിന്റെ സവിശേഷ അധികാരം ഉപയോഗിച്ച് കൊണ്ട്‌ തീരശോഷണം/കടലാക്രമണം (Coastal Erosion) കേരളത്തിലെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുകയും അത് വഴി സാധ്യമായ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിക്കൊണ്ട് നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുന്നു. കടലാക്രമണത്തിനെ പ്രതിരോധിക്കുന്നതിനായി നമ്മൾ സ്ഥിരമായി തുടർന്ന് വരുന്ന കടൽഭിത്തി നിർമാണം ശാശ്വതമായ പരിഹാരം കണ്ടെത്താൻ ഉതകുന്നതല്ല. കൂടുതൽ കരിങ്കല്ല് പൊട്ടിക്കേണ്ടി വരുന്നതിന്റെ പരിസ്ഥിതി ആഘാതം മറ്റൊരിടത്ത് നമ്മൾ അനുഭവിക്കേണ്ടിയും വരികയാണ്. കടൽഭിത്തിയിൽ മറ്റ് പ്രായോഗിക പരിഹാരങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് സർക്കാരിപ്പോൾ.

മറ്റൊരു പ്രധാന ഇടപെടൽ തീരപ്രദേശത്തെ അപകട മേഖലയിലുള്ളവർക്ക് രാജ്യത്ത് ആദ്യമായും മാതൃകാപരമായും ആവിഷ്ക്കരിച്ചിരിക്കുന്ന പുനരധിവാസ പദ്ധതിയാണ്. വേലിയേറ്റ പരിധിയിൽ നിന്ന് 50 മീറ്റർ വരെയുള്ള അപകട സാധ്യത മേഖലയിൽ താമസിക്കുന്ന തീരദേശവാസികൾക്ക് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാൻ ഭൂമിയും വീടും മേടിക്കാൻ 10 ലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതിയാണിത്. അപകടം സംഭവിക്കുന്നതിന് മുന്നേ തന്നെ ആളുകളെ പുനരധിവസിപ്പിച്ച് കൊണ്ട് സുരക്ഷയൊരുക്കുക എന്നതാണ് മാറിവരുന്ന ഈ പ്രകൃതിക്ഷോഭങ്ങളുടെ കാലത്ത് സ്വീകരിക്കാനാവുന്ന നടപടി. പ്രായോഗികമായ പ്രയാസങ്ങളെ അതിജീവിച്ച് ഇത്തരം പദ്ധതികൾ കൃത്യമായി നടപ്പിലാക്കേണ്ടത് കേരളത്തിൻറെ അതിജീവനത്തിന് അഭികാമ്യമാണ്.

കേരളത്തിൻറെ വികസന സങ്കല്പങ്ങളിൽ ദുരന്ത ലഘൂകരണം ഒരു പ്രധാന അജണ്ടയായി മാറിക്കൊണ്ടിരിക്കുകയാണ്. ദുരന്ത സാദ്ധ്യതകള്‍ കൂടി പരിഗണിച്ച് കൊണ്ട് സംസ്ഥാനത്തെ ഭൂവിനിയോഗത്തിൽ ദീർഘദൃഷ്ടിയോടെ വരുത്തേണ്ട മാറ്റങ്ങൾ, മുഴുവൻ പഞ്ചായത്തുകൾക്കും സമഗ്രമായ ദുരന്ത നിവാരണ പ്ലാനുകൾ, സ്കൂൾ സേഫ്റ്റി, ഹോസ്പിറ്റൽ സേഫ്റ്റി, പ്രാഗൽഭ്യമുള്ള സന്നദ്ധ സേവകരെ ഓരോ പ്രദേശത്തും സൃഷ്ടിക്കാൻ വേണ്ടിയുള്ള സിവിൽ ഡിഫെൻസ്, ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമവും ഏകോപനം എളുപ്പവുമാക്കാൻ മുഴുവൻ സർക്കാർ വകുപ്പുകളിലും ദുരന്ത നിവാരണ സാങ്കല്പിക ഉദ്യോഗസ്ഥ ശ്രേണി തുടങ്ങി നിരവധി ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കി വരികയാണ്. കാലാവസ്ഥ വ്യതിയാനമുയർത്തുന്ന വെല്ലുവിളിയെ കൃത്യമായ ആസൂത്രണത്തോടെയും ദീർഘവീക്ഷണത്തോടെയും നേരിടാനുതകുന്ന പദ്ധതികൾക്കാണ് കേരളത്തിൽ രൂപം നൽകി വരുന്നത്. കൂടുതൽ സുരക്ഷിതമായ ഒരു നവകേരളം സൃഷ്ടിക്കാൻ മഹാപ്രളയത്തെ കൂട്ടായ്മകൊണ്ട് അതിജീവിച്ച് ചരിത്രം രചിച്ച മലയാളി മാതൃക നമുക്ക് തുടരാം.


ലേഖകനെക്കുറിച്ച്: കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഹസാഡ് അനലിസ്റ്റാണ് ഫഹദ് മർസൂക്ക്. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് Ocean and Atmospheric Science ൽ ബിരുദാനന്തര ബിരുദം. ഗവേഷണ മേഖലകൾ: ഇന്ത്യൻ മൺസൂണിലെ വ്യതിയാനങ്ങൾ, തീവ്ര താപനില (Extreme Temperature Events) പ്രതിഭാസങ്ങൾ-കേരളത്തിൽ. ഫഹദിനെ <fahadmarzook@gmail.com> വഴി ബന്ധപ്പെടാവുന്നതാണ്.

Please follow and like us:

5 Comments

    1. Thanks for your kind words sir. But in a change in climate and warming North Indian Ocean, Kerala definitely not in a safe position !

  1. സമഗ്രമായ കാലാവസ്ഥ അവലോകനം. ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ നടപടികൾ കൂടി വിവരിച്ചതിനു നന്ദി.

    കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന യാനങളുടെ നീളവും അവരുടെ ഫിഷിംഗ് ഗ്രൗണ്ടുകളുടെ കരയിൽ നിന്നുള്ള ദൂരവും എത്ര ദിവസങ്ങളുടെ മത്സ്യബന്ധനം ആണ് നടത്തുന്നത് എന്നിവ കൂടി കണക്കിൽ എടുത്ത് കൊണ്ട് കടലിൽ ഉള്ള കാറ്റിന്റെ വേഗവും തിരയുടെ ഉയരവും കണക്കിലെടുത്ത് കാലാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്ന സാഹചര്യം നന്നായിരിക്കും. അതിലേക്കുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കുവാൻ ആശംസിക്കുന്നു.

    1. Thank you Dani for your valuable suggestion. Infact we have already requested INCOIS regarding this. Lets wait for their research output. We would be delighted to implement that.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.